ഉത്തരാഖണ്ഡിൽ 136 മദ്രസകൾ അടച്ചുപൂട്ടി ബിജെപി സർക്കാർ

രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ മദ്രസകൾക്കുള്ള ഫണ്ടിങ്ങിന്റേയും സംഭാവനകളുടെയും കണക്കെടുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Update: 2025-03-27 15:54 GMT
136 Madrassas Closed in Uttarakhand By Bjp Govt
AddThis Website Tools
Advertising

ഡെറാഡൂൺ: സംസ്ഥാനത്തുടനീളം 136 മദ്രസകൾ അടച്ചുപൂട്ടി ഉത്തരാഖണ്ഡ് ബിജെപി സർക്കാർ. അനധികൃത നിർമാണമാരോപിച്ചാണ് പുഷ്കർ സിങ് ധാമി സർക്കാരിന്റെ നടപടി. ഉദ്ധംസിങ് നഗറിൽ 64ഉം ഡെറാഡൂണിൽ 44ഉം ഹരിദ്വാറിൽ 26ഉം പൗരി ഗർവാളിൽ രണ്ടും മദ്രസകളാണ് സീൽ ചെയ്തത്.

യുപിയുടെ അതിർത്തിയിലുള്ള പട്ടണങ്ങളിൽ രജിസ്റ്റർ ചെയ്യാത്ത നിരവധി മദ്രസകൾ പ്രവർത്തിക്കുന്നുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നാണ് ഉദ്യോ​ഗസ്ഥരുടെ വാദം. ഉത്തരാഖണ്ഡിൽ 500 അനധികൃത മദ്രസകളും 450 രജിസ്റ്റർ ചെയ്ത മദ്രസകളുമുണ്ടെന്നാണ് സർക്കാർ പറയുന്നത്.

രജിസ്റ്റർ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ മദ്രസകൾക്കുള്ള ഫണ്ടിങ്ങിന്റേയും സംഭാവനകളുടെയും കണക്കെടുക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത മദ്രസകൾ അവരുടെ രേഖകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, വരുമാന-ചെലവ് പ്രസ്താവനകൾ എന്നിവ സർക്കാരിന് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂനപക്ഷകാര്യ മന്ത്രാലയവും ഉത്തരാഖണ്ഡ് മദ്രസ ബോർഡും നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്നാണ് അധികൃതരുടെ ആരോപണം. "മദ്രസ നടത്തിപ്പുകാരെയും വിദ്യാർഥികളെയും പരിശോധിക്കാനും അവരുടെ ഫണ്ടിന്റെ ഉറവിടങ്ങൾ പരിശോധിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്"- അധികൃതർ കൂട്ടിച്ചേർത്തു.

നിയമവിരുദ്ധ മദ്രസകൾക്കെതിരായ നടപടി തുടരുമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ വെറുതെ വിടില്ലെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അടുത്തിടെ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി. നേരത്തെ ബിജെപി ഭരിക്കുന്ന അസമിൽ 600 മദ്രസകൾ അടച്ചുപൂട്ടുകയും 1261 മദ്രസകൾ ജനറൽ സ്കൂളാക്കി മാറ്റുകയും ചെയ്തിരുന്നു. 




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News