പൂനെയില്‍ 21കാരിക്ക് നേരെ കൂട്ടബലാത്സംഗം; സുഹൃത്തിന് ക്രൂര മര്‍ദനം

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

Update: 2024-10-04 06:37 GMT
Editor : ദിവ്യ വി | By : Web Desk
Advertising

പൂനെ: മഹാരാഷ്ട്രയിലെ പൂനെയിൽ 21കാരിയെ കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ യുവതിയെ മൂന്ന് പേർ ചേർന്നാണ് ബലാത്സംഗം ചെയ്തത്. ആൺസുഹൃത്തിനൊപ്പം ബോപ്‌ദേവ് ഗട്ട് ഭാഗത്തേക്ക് പോയ യുവതിയാണ് ക്രൂരതയ്ക്ക് ഇരയായതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് വിവരം പൊലീസ് അറിയുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടിയുടെ സുഹൃത്തിനെ പ്രതികൾ മർദിച്ചതായും ഇരുവരും ആശുപത്രിയിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി 10 പൊലീസ് ടീമുകളെ നിയോഗിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം വിഷയം മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരുകൾക്ക് വഴിവെച്ചിരിക്കയാണ്. ബിജെപി- ശിവ്സേന (ഷിൻഡെ) - എൻസിപി (അജിത് പവാർ) സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.

സർക്കാർ നടപ്പാക്കിയ സ്ത്രീ സുരക്ഷാ പദ്ധതിയായ ലഡ്ക്കി ബഹൻ യോജനയെ വിമർശിച്ചാണ് എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ രംഗത്ത് വന്നത്. സ്ത്രീകളെ സാമ്പത്തികമായി സഹായിക്കാനായി സർക്കാർ ലഡ്ക്കി ബഹൻ യോജന എന്ന പദ്ധതി നടപ്പാക്കി. എന്നാൽ ഒരു വശത്ത് സ്ത്രീകൾക്കെതിരെ ക്രൂരതകളും അതിക്രമങ്ങളും തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വർധിച്ചുവരികയാണെന്ന് എൻസിപി നേതാവ് സുപ്രിയ സുലേ എംപി ആരോപിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടയിടാൻ സംസ്ഥാന ആഭ്യന്തരവകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും മഹാരാഷ്ട്രയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അവർ പറഞ്ഞു.

സർക്കാരിന്റെ ഉദാസീനതയും അശ്രദ്ധയുമാണ് പ്രശ്‌നത്തിന് കാരണമെന്നും സംസ്ഥാനത്ത് ക്രമസമാധാന നില തകിടം മറിഞ്ഞതായും ശിവ്‌സേന യുബിടി വിഭാഗം നേതാവ് ആനന്ദ് ദൂബെ ആരോപിച്ചു. സംഭവത്തെ അപലപിച്ച ദൂബെ, ഏക്‌നാഥ് ഷിൻഡെ സർക്കാർ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.

നവംബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ഇത് രാഷ്ട്രീയ തുറുപ്പുചീട്ടായി പ്രതിപക്ഷം ഉന്നയിച്ചേക്കും. തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയിലാകും വിധത്തിലേക്ക് സംഭവം മാറിയേക്കുമെന്ന ആശങ്ക സംസ്ഥാന സർക്കാരിനുണ്ട്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News