മണിപ്പൂരിൽ വീണ്ടും സംഘർഷം; 22കാരന്‍ വെടിയേറ്റു മരിച്ചു
സമാധാനശ്രമങ്ങൾക്കായി മണിപ്പൂർ ഗവർണർ ചുരാചന്ദ്പൂരിൽ സന്ദർശനം നടത്തുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്
ഇംഫാല്‍: സമാധാനശ്രമങ്ങൾ തുടരുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂരിൽ 22 വയസ്സുള്ള യുവാവ് വെടിയേറ്റ് മരിച്ചു. കാമൻലോക്കിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
സമാധാനശ്രമങ്ങൾക്കായി മണിപ്പൂർ ഗവർണർ ചുരാചന്ദ്പൂരിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് വീണ്ടും ആക്രമണമുണ്ടായത്. ചുരാചന്ദ്പൂരിൽ കുക്കി വിഭാഗത്തിലെ യുവാവാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് മെയ്തികളെന്നാണ് ആരോപണം.
കരസേനയും അസം റൈഫിൾസും സംഭവസ്ഥലത്ത് ക്യാംപ് ചെയ്തിട്ടുണ്ട്. ഗവർണറുടെ അധ്യക്ഷതയിൽ പ്രത്യേക സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഗവർണർ അനുസൂയ യൂകെയും മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സമിതി മെയ്‌തി-കുക്കി വിഭാഗങ്ങളിലെ വിവിധ സംഘടനകളുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് വീണ്ടും സംഘർഷം തുടരുന്നത്.
മേയ് മൂന്നിന് ചുരാചന്ദ്പൂരിൽ ആരംഭിച്ച മെയ്തി-കുക്കി സംഘർഷം വളരെ വേഗം മറ്റു സ്ഥലങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. പ്രശ്‌നങ്ങൾ അവസാനിപ്പിക്കാന്‍ സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നതിനെ കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.
Summary: 22-year-old man, belonging to the Kuki ethnic group, killed in firing in Churachandpur of Manipur amid governor's visit in the relief camp in the district