ഒരു സിറിഞ്ചുകൊണ്ട് 30 വിദ്യാർഥികൾക്ക് വാക്‌സിനേഷൻ; വിശദീകരണം കേട്ട് ഞെട്ടി രക്ഷിതാക്കൾ
മധ്യപ്രദേശിലെ ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം
മധ്യപ്രദേശ്: മധ്യപ്രദേശിലെ സാഗറിൽ 30 വിദ്യാർഥികൾക്ക് ഒറ്റ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്പ്പ് നൽകി. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള ജെയിൻ പബ്ലിക് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
സംഭവം ശ്രദ്ധയിൽപെട്ടതോടെ രക്ഷിതാക്കൾ വാക്‌സിനേറ്ററെ ചോദ്യം ചെയ്തു. എന്നാൽ വാക്‌സിനേറ്ററുടെ മറുപടി കേട്ട് രക്ഷിതാക്കൾ ഞെട്ടി. ഒരു സിറിഞ്ച് മാത്രമാണ് അധികൃതർ അയച്ചതെന്നും ഇത് ഉപയോഗിച്ച് എല്ലാ കുട്ടികൾക്കും കുത്തിവയ്പ് നൽകാൻ തനിക്ക് കിട്ടിയ ഉത്തരവെന്നും വാക്‌സിനേറ്ററായ ജിതേന്ദ്ര മറുപടി നൽകിയത്. വിദ്യാർഥികളുടെ രക്ഷിതാക്കളാണ് ജിതേന്ദ്രയുടെ വീഡിയോ പകർത്തിയത്. രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് കൂസലില്ലാതെയാണ് ഇയാളുടെ മറുപടി.
ഒന്നിലധികം ആളുകൾക്ക് കുത്തിവയ്ക്കാൻ ഒരു സിറിഞ്ച് ഉപയോഗിക്കരുതെന്ന് അറിയില്ലേ എന്ന ചോദ്യത്തിന് 'അത് എനിക്കറിയാം' എന്നാണ് അയാൾ മറുപടി കൊടുക്കുന്നത്. 'എനിക്ക് തന്നത് ഒരു സിറിഞ്ച് മാത്രമാണ്. ഇത് ഉപയോഗിച്ചാണോ മുഴുവൻ കുട്ടികൾക്കും വാക്‌സിനേഷൻ നൽകേണ്ടത് എന്ന് ചോദിച്ചപ്പോൾ എന്റെ മേലുദ്യോഗസ്ഥർ അതെ എന്നാണ് മറുപടി പറഞ്ഞത്. അപ്പോൾ ഇവിടെ ഞാൻ എങ്ങനെ കുറ്റക്കാരനാകും. എന്റെ ഭാഗത്ത് എവിടെയാണ് തെറ്റ്. അവർ ഉത്തരവിട്ടത് പോലെ ഞാൻ ചെയ്തു' വാക്‌സിനേറ്റർ പറയുന്നു. എന്നാല്‍ തന്നെ അയച്ച ഉദ്യോഗസ്ഥന്‍റെ പേര് ഓര്‍മയില്ലെന്നും ഇയാള്‍ പറയുന്നു.
സ്കൂളിനെതിരെ കടുത്ത പ്രതിഷേധമാണ് രക്ഷിതാക്കള്‍ ഉയര്‍ത്തിയത്. കുട്ടികൾക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആരാണ് ഉത്തരവാദികൾ? അതിന്‍റെ ഉത്തരവാദിത്തം സ്കൂളോ ആരോഗ്യ വകുപ്പോ ഏറ്റെടുക്കുമോ എന്നും രക്ഷിതാക്കള്‍ ചോദിച്ചു.
സംഭവം പുറംലോകം അറിഞ്ഞതോടെ സാഗർ ജില്ലാ കലക്ടർ ക്ഷിതിജ് സിംഗാള്‍ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ഡോ ഡി കെ ഗോസ്വാമിയെ സ്കൂളിലേക്ക് അയച്ചു.
എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ജിതേന്ദ്രയെ സ്‌കൂൾ പരിസരത്ത് നിന്ന് കാണാതാവുകയും ഫോണും സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ജിതേന്ദ്രയ്‌ക്കെതിരെ ഗോപാൽഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ ആരോഗ്യവകുപ്പ് പരാതി നല്‍കി.ജില്ലാ വാക്‌സിനേഷൻ ഓഫീസർ ഡോ. രാകേഷ് റോഷനെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാർശ ചെയ്‌തതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ഈ അനാസ്ഥയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരി രാജിവെക്കണമെന്ന് പ്രതിപക്ഷ കോൺഗ്രസ് സംസ്ഥാന വക്താവ് അബ്ബാസ് ഹഫീസ് ആവശ്യപ്പെട്ടു.