അയൽവീട്ടിലേക്ക് പോയതിന് അഞ്ച് വയസ്സുകാരിയെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; മൃതദേഹം നാല് കഷണങ്ങളാക്കി
ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് സംഭവം.
സീതാപൂർ (യുപി): അഞ്ച് വയസ്സുകാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം നാല് കഷണങ്ങളാക്കിയ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സഹാറൻപൂരിലാണ് സംഭവം. താനുമായി പിണങ്ങിനിൽക്കുന്ന അയൽക്കാരുടെ വീട്ടിലേക്ക് പോയതിനാണ് പിതാവായ മോഹിത് മിശ്ര മകൾ തനിയോട് ഈ ക്രൂരത ചെയ്തത്.
ഫെബ്രുവരി 25ന് മകളെ കാണാനില്ലെന്ന് കാണിച്ച് മോഹിത് ശർമ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെ പെൺകുട്ടിയുടെ ശരീരത്തിന്റെ ഒരു കഷണം കണ്ടെത്തി. അടുത്ത ദിവസം മറ്റു ഭാഗങ്ങളും കണ്ടെത്തി. ഇതോടെ പൊലീസ് കൊലപാതകമാണെന്ന് ഉറപ്പിച്ചു.
പൊലീസ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ ഭാര്യക്ക് നൽകി പെൺകുട്ടിയുടെ മോഹിത് അവിടെ നിന്ന് മുങ്ങിയിരുന്നു. ചോദ്യം ചെയ്യൽ തുടരുന്നതിനിടെ മോഹിത് വീട്ടിലേക്ക് തിരിച്ചെത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അദ്ദേഹം കുറ്റം സമ്മതിക്കുകയായിരുന്നു.
മോഹിതിന്റെ കുടുംബവും അയൽവാസിയായ രാമുവിന്റെ കുടുംബവും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. ഇരുകുടുംബങ്ങളും പരസ്പരം വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇരുവീട്ടുകാരും തമ്മിൽ തെറ്റി. രാമുവിന്റെ വീട്ടിൽ പോകരുതെന്ന് മോഹിത് പല തവണ മകളോട് പറഞ്ഞിരുന്നു. ഇത് കേൾക്കാതെ മകൾ വീണ്ടും രാമുവിന്റെ വീട്ടിൽ കളിക്കാൻ പോയി.
കൊലപാതകം നടന്ന ദിവസം മകൾ രാമുവിന്റെ വീട്ടിൽ നിന്ന് വരുന്നത് കണ്ട് മോഹിതിന് വല്ലാതെ ദേഷ്യം വന്നു. അയാൾ മകളെ ബൈക്കിൽ ഇരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അവളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.