മുസ്‌ലിം പ്രധാനമന്ത്രി വന്നാൽ 50 ശതമാനം ഹിന്ദുക്കളും മതംമാറും; തടയണമെങ്കിൽ ആയുധമെടുക്കണം- കൊലവിളി പ്രസംഗവുമായി വീണ്ടും നരസിംഹാനന്ദ്

മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാറിലെ ധർമസൻസദ് ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടനകനായിരുന്നു ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിൽ പൂജാരിയായ യതി നരസിംഹാനന്ദ്

Update: 2022-04-03 14:30 GMT
Editor : Shaheer | By : Web Desk
Advertising

മുസ്‌ലിം നരഹത്യയ്ക്ക് ആഹ്വാനവുമായി വീണ്ടും വിവാദ സന്ന്യാസി യതി നരസിംഹാനന്ദ്. ഹിന്ദുക്കൾ ആയുധമെടുക്കണമെന്നും രാജ്യത്ത് ഒരു മുസ്‌ലിം പ്രധാനമന്ത്രിയുണ്ടാകുകയാണെങ്കിൽ 50 ശതമാനം ഹിന്ദുക്കളും മതം മാറുമെന്നും നരസിംഹാനന്ദ് പറഞ്ഞു. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിലാണ് വീണ്ടും കൊലവിളി പ്രസംഗം. അതേസമയം, അനുമതി വാങ്ങാതെയാണ് പരിപാടി നടന്നതെന്നാണ് പൊലീസ് പറയുന്നത്.

''2029ലോ 2034ലോ 2039ലോ മുസ്‌ലിം പ്രധാനമന്ത്രിയുണ്ടാകും. മുസ്‌ലിം പ്രധാനമന്ത്രി വന്നാൽ രാജ്യത്തെ 50 ശതമാനം ഹിന്ദുക്കളും 20 കൊല്ലംകൊണ്ട് മതം മാറും. 40 ശതമാനം ഹിന്ദുക്കളും കൊല്ലപ്പെടും. ബാക്കിയുള്ള 10 ശതമാനം ഇവിടെ അഭയാർത്ഥി ക്യാംപുകളിൽ കഴിയുകയോ മറ്റു രാജ്യങ്ങളിലേക്ക് പോകുകയോ ചെയ്യും. ഹിന്ദുക്കളെ കാത്തിരിക്കുന്നത് ഇതാണ്. ഇത് മാറണമെങ്കിൽ ആണാകണം. ആണാകണമെന്നു പറഞ്ഞാൽ സായുധനാകണമെന്നർത്ഥം''-പ്രസംഗത്തിൽ നരസിംഹാനന്ദ് ആഹ്വാനം ചെയ്തു.

മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹരിദ്വാറിലെ ധർമസൻസദ് ഹിന്ദുത്വ സമ്മേളനത്തിന്റെ മുഖ്യസംഘാടനകനായിരുന്നു ഗാസിയാബാദിലെ ദസ്‌ന ക്ഷേത്രത്തിൽ പൂജാരിയായ യതി നരസിംഹാനന്ദ്. ഹരിദ്വാർ വിദ്വേഷ പ്രസംഗക്കുറ്റത്തിൽ അറസ്റ്റിലായിരുന്ന നരസിംഹാനന്ദ് നിലവിൽ ജാമ്യത്തിലാണുള്ളത്. ഇതേകേസിൽ അറസ്റ്റിലായി ജാമ്യത്തിലുള്ള പ്രീത് സിങ്ങാണ് ജന്തർ മന്തറിലെ ഹിന്ദു മഹാപഞ്ചായത്തിന്റെ സംഘാടകൻ.

ചടങ്ങിൽ നൂറുകണക്കിനുപേരാണ് പങ്കെടുത്തത്. അതേസമയം, പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മുസ്‌ലിം മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. മീർ ഫൈസൽ, മെഹർബഹാൻ എന്നിവരെയാണ് പരിപാടിക്കെത്തിയവർ മർദിച്ചത്. ഇവർക്കെതിരെ വർഗീയമായ അധിക്ഷേപങ്ങളുണ്ടായതായി മീർ ഫൈസൽ ട്വീറ്റ് ചെയ്തു. ഇവരെ പിടിച്ചുവച്ചതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് വടക്കു പടിഞ്ഞാറൻ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഉഷാ രംഗ്‌നാനി ട്വീറ്റ് ചെയ്തു. വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.

Summary: ''50 per cent Hindus will convert to Islam if Muslim becomes PM'', Yati Narsinghanand exhorts Hindus to pick up arms

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News