നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് മരണം
പതാക കെട്ടിയ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോൾട്ടിന്റെ ഹൈടെൻഷൻ കമ്പിയിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.
ലഖ്നൗ: നബിദിനാഘോഷം കഴിഞ്ഞ് മടങ്ങവെ വൈദ്യുതാഘാതമേറ്റ് അഞ്ച് കുട്ടികളടക്കം ആറ് പേർക്ക് ദാരുണാന്ത്യം. യുപിയിലെ ബഹ്റൈച്ച് ജില്ലയിലെ മസുപൂർ ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. ഭഗ്ദവ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
അഷ്റഫ് അലി (30), സുഫിയാൻ (12), മുഹമ്മദ് ഇൽയാസ് (16), തബ്‌രീസ് (17), അറഫാത്ത് (10), ഇദ്‌രീസ് (12) എന്നിവരാണ് മരിച്ചത്. മുറാദ് ഖാൻ (18), ചാന്ദ് ബാബു (18) എന്നിവർക്കാണ് പരിക്കേറ്റത്. ലഖ്നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി തുടങ്ങിയ നബിദിനാഘോഷ പരിപാടികൾ ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അവസാനിച്ചത്. ശേഷം യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘം പതാക കെട്ടിയ ഇരുമ്പ് പൈപ്പ് ഘടിപ്പിച്ച കൈവണ്ടിയുമായി നൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മസുപൂർ ഗ്രാമത്തിലേക്ക് ഘോഷയാത്രയായി പോവുകയായിരുന്നെന്ന് ബഹ്‌റൈച്ച് പൊലീസ് സൂപ്രണ്ട് കേശവ് കുമാർ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
ഇത് സുപൂരിൽ എത്തിയപ്പോൾ ഇരുമ്പ് പൈപ്പ് റോഡരികിലെ 11000 വോൾട്ടിന്റെ ഹൈടെൻഷൻ കമ്പിയിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു- ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
മരണത്തിൽ ആദരാഞ്ജലികൾ അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ മജിസ്ട്രേറ്റിനും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ നടപടികൾ സ്വീകരിക്കാനും വീട്ടുകാർക്ക് വേണ്ട സഹായം നൽകാനും നിർദേശിക്കുകയും ചെയ്തു. എസ്.എസ്.പി കേശവ് കുമാർ ചൗധരി, എ.എസ്.പി അശോക് കുമാർ, നൻപാറ, ജംഗ് ബഹാദുർ സർക്കിൾ ഓഫിസർമാർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
അതേസമയം, അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം പാലക്കാട് കൂറ്റനാട് നബിദിനാഘോഷ പരിപാടിക്ക് മാല ബള്‍ബ് ഇടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു.
പടാട്ടുകുന്ന് നരിമട കയ്യാലക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. മരത്തിന് മുകളില്‍ കയറി ബള്‍ബ് മാല എതിര്‍വശത്തേക്ക് എറിയുമ്പോള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.