യുപിയിൽ വീടിന്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന കർഷകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു
ലക്‌നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ വീടിൻ്റെ വരാന്തയിൽ ഉറങ്ങിക്കിടന്ന കർഷകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ജഗന്നാഥ്പൂർ ഗ്രാമത്തിൽ ശനിയാഴ്‌ച പുലർച്ചെ 2.30നായിരുന്നു സംഭവം. 62കാരനായ ഗ്യാനി പ്രസാദ് ആണ് കൊല്ലപ്പെട്ടത്.
കുടുംബം വിവരമറിയിച്ചതിനെ തുടർന്ന് ലോക്കൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. തൊണ്ട ഞെരിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഗ്യാനി പ്രസാദിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ പരാതി നൽകുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾക്കായി ഗ്യാനി പ്രസാദിന്റെ കുടുംബത്തെയും അയൽക്കാരെയും ചോദ്യം ചെയ്തുവരികയാണ്.