ഛത്തിസ്ഗഢിൽ 90 എം.എൽ.എമാരിൽ 72 പേരും കോടിശ്വരൻന്മാർ; ഭൂരിഭാഗവും ബി.ജെ.പിയിൽ
33.86 കോടി രൂപ ആസ്തിയുള്ള ബി.ജെ.പി എംഎൽഎ ഭവൻ ബോറയാണ് കോടീശ്വരന്മാരിൽ ഒന്നാമത്
റായ്പൂർ: ഛത്തീസ്ഗഢ് നിയമസഭയിലേക്ക് തെരഞ്ഞെടുത്ത 90 എം.എൽ.എമാരിൽ 72 പേരും കോടീശ്വരന്മാർ. സഭയിലെ 80 ശതമാനം പേർ കോടിപതികളാണ്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ ബി.ജെ.പി എം.എൽ.എമാരാണ്. 54 എംഎൽഎമാരിൽ 43 കോടീശ്വരന്മാരാണ് ബി.ജെ.പിക്കുള്ളത്. ഇവർക്കെല്ലാംഒരു കോടിയിലധികം ആസ്തിയുണ്ട്. തൊട്ടുപിന്നിൽ കോൺഗ്രസാണുള്ളത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ) ഛത്തിസ്ഗഢ് ഇലക്ഷൻ വാച്ചും നടത്തിയ വിശകലനമനുസരിച്ച് കോൺഗ്രസിന്റെ 35 എംഎൽഎമാരിൽ 83 ശതമാനവും കോടീശ്വരന്മാരാണ്.
33.86 കോടി രൂപ ആസ്തിയുള്ള ബിജെപി എംഎൽഎ ഭവൻ ബോറയാണ് കോടീശ്വരന്മാരിൽ ഒന്നാമത്.പണ്ഡാരിയ മണ്ഡലത്തിൽ നിന്നാണ് ഭവൻ ജനവിധി തേടിയത്.സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേൽ (പട്ടാൻ മണ്ഡലം) 33.38 കോടി രൂപയുടെ ആസ്തിയുമായി രണ്ടാമതുണ്ട്. ബിജെപിയുടെ അമർ അഗർവാൾ (ബിലാസ്പൂർ മണ്ഡലം) 27 കോടിയിലധികം ആസ്തിയുമായി മൂന്നാം സ്ഥാനത്തുമുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപി 54 സീറ്റുകളും കോൺഗ്രസ് 35 സീറ്റുകളുമാണ് നേടിയത്. ഈ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ഒരു സ്ഥാനാർഥിയുടെ ശരാശരി ആസ്തി 5.25 കോടിയാണ്. 2018ലിത് 11.63 കോടി രൂപയായിരുന്നു. ചന്ദ്രാപൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ രാംകുമാർ യാദവ്, ബി.ജെ.പി എം.എൽ.എയായ രാം കുമാർ ടോപ്പോ, നിലവിലെ എംപികൂടിയായ ഗോമതി സായി എന്നിവരാണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എംഎൽഎമാർ. 10 ലക്ഷം രൂപയുടെ ആസ്തിയാണ് രാംകുമാർ യാദവിനുള്ളത്.ടോപ്പോക്ക് 13.12 ലക്ഷം രൂപയും സായിക്ക് 15.47 ലക്ഷം രൂപയുമാണ് ആസ്തി.
90 എംഎൽഎമാരിൽ 33 പേരും അവരുടെ വിദ്യാഭ്യാസ യോഗ്യത 5 മുതൽ 12 വരെ ക്ലാസ് വരെയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് ഡിപ്ലോമയുണ്ട്. 44 എം.എൽ.എമാർ 25 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.മറ്റ് 46 പേർ 51 നും 80 നും ഇടയിൽ പ്രായമുള്ളവരാണ്. അഹിവാര മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബി ജെ പിയുടെ ഡൊമൻലാൽ കോർസെവാഡ (75) ആണ് നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ എംഎൽഎ. കോൺഗ്രസിന്റെ കവിതാ പ്രൺ ലഹ്രേ (30) യാണ് ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ.