78കാരനായ ഒമ്പതാം ക്ലാസ് വിദ്യാർഥി; സ്‌കൂളിലെത്തുന്നത് ദിവസവും മൂന്നു കിലോമീറ്റർ നടന്ന്
മിസോറാമിലെ ചമ്പായി ജില്ലയിലെ ഹ്രുയ്കൗൺ ഗ്രാമക്കാരനായ ലാൽറിങ്താര ഈ അധ്യയന വർഷമാണ് ഹ്രൂയ്കൗൺ വില്ലേജിലെ രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാൻ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്നത്.
ഐസ്വാൾ: പഠിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് കിഴക്കൻ മിസോറാമുകാരനായ ലാൽറിങ്താര. 78 വയസുള്ള ഇദ്ദേഹം മൂന്നു കിലോമീറ്റർ നടന്നാണ് ദിവസവും സ്‌കൂളിലെത്തുന്നത്. മിസോറാമിലെ ചമ്പായി ജില്ലയിലെ ഹ്രുയ്കൗൺ ഗ്രാമക്കാരനായ ലാൽറിങ്താര ഈ അധ്യയന വർഷമാണ് ഹ്രൂയ്കൗൺ വില്ലേജിലെ രാഷ്ട്രീയ മാധ്യമിക ശിക്ഷാ അഭിയാൻ ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസിൽ ചേർന്നത്.
1945ൽ ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള ഖുവാങ്‌ലെങ് ഗ്രാമത്തിലാണ് ലാൽറിങ്താര ജനിച്ചത്. പിതാവിന്റെ മരണത്തെ തുടർന്ന് രണ്ടാം ക്ലാസിനു ശേഷം പഠനം തുടരാനായില്ല. ഏക മകനായ ലാൽറിങ് ചെറുപ്പത്തിൽ തന്നെ വയലുകളിൽ അമ്മയെ സഹായിക്കാനിറങ്ങി. കടുത്ത ദാരിദ്ര്യം മൂലം പഠനം ഒരു സ്വപ്‌നമായി അവശേഷിക്കുകയായിരുന്നു.
മിസോ ഭാഷ അറിയാമെങ്കിലും ഇംഗ്ലീഷ് പഠിക്കാനുള്ള ആഗ്രഹത്താലാണ് വീണ്ടും സ്‌കൂളിൽ പോയിത്തുടങ്ങിയതെന്ന് ലാൽറിങ് താര പറഞ്ഞു. ഇംഗ്ലീഷിൽ അപേക്ഷകൾ എഴുതാനും ടെലിവിഷൻ വാർത്താ റിപ്പോർട്ടുകൾ മനസ്സിലാക്കാനും കഴിയുക എന്നത് തന്റെ സ്വപ്‌നമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പഠനത്തിനൊപ്പം ലാൽറിങ് ന്യൂ ഹ്രൂയ്കാവിൽ ചർച്ച് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നുമുണ്ട്.