'വിവാഹമോചിതയാകാൻ വയ്യ'; ഭാര്യയുടെ അപ്പീലിൽ വിവാഹമോചനം നിഷേധിച്ചു, 89കാരൻ കോടതി കയറിയത് 27 വർഷം

ഏകദേശം 43.2 മില്യൺ വിവാഹമോചന കേസുകൾ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്

Update: 2023-10-13 16:04 GMT
Advertising

ന്യൂഡൽഹി; ഭാര്യയുടെ അപ്പീലിൽ 89കാരന് വിവാഹമോചനം നിഷേധിച്ച് സുപ്രിംകോടതി. 27വർഷമായി കോടതി കയറിയിറങ്ങുന്ന വയോധികന് നിരാശയോടെ മടക്കം. വിവാഹമോചിതയായാൽ സമൂഹത്തിൽ നിന്നും വേർതിരിവ് നേരിടേണ്ടി വരുമെന്ന ഭാര്യയുടെ വാദങ്ങൾ കണക്കിലെടുത്താണ് കോടതി വിധി പ്രസ്താവിച്ചത്.

നിർമൽ സിംഗ് പനേസർ എന്ന 89കാരനാണ് 1963മുതൽ വിവാഹമോചനത്തിനായി കോടതി കയറിയിറങ്ങുന്നത്. ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന് ഇടയ്ക്ക് ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടിയിരുന്നു. എന്നാൽ കൂടെച്ചെല്ലാൻ ഭാര്യ പരംജീത് വിസമ്മതിച്ചു. അന്ന് മുതൽ തുടങ്ങിയതാണ് ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങൾ. 1996ൽ നിർമൽ സിംഗ് ആദ്യമായി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അപേക്ഷ കോടതി പരിഗണിച്ചെങ്കിലും പരംജീത് അപ്പീൽ നൽകിയതിനെ തുടർന്ന് തള്ളി.

തുടർന്നിങ്ങോട്ട് 27 വർഷം ഡിവോഴ്‌സ് നേടാനുള്ള കഷ്ടപ്പാടിലായിരുന്നു നിർമൽ. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം കേസ് സുപ്രിംകോടതിയിലെത്തി. ഇരുവരുടെയും ദാമ്പത്യബന്ധം കൂട്ടിയോജിപ്പിക്കാനാവില്ലെന്ന് വിലയിരുത്തിയെങ്കിലും കോടതി വിവാഹമോചനം നിഷേധിക്കുകയായിരുന്നു. ദാമ്പത്യബന്ധം വേർപ്പെടുത്തുന്നത് പരംജീതിനോട് കാട്ടുന്ന അനീതിയാണെന്നായിരുന്നു കോടതിയുടെ പരാമർശം. വിവാഹമോചിതയെന്ന പേരോടെ മരിക്കാൻ പരംജീത് ആഗ്രഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബന്ധം നിലനിർത്താൻ പറ്റാവുന്നതെല്ലാം ചെയ്യാമെന്നാണ് പരംജീത് കോടതിയെ അറിയിച്ചത്. ഭർത്താവിനെ വാർധക്യകാലത്ത് ശുശ്രൂഷിക്കാമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. മൂന്ന് മക്കളാണ് ദമ്പതികൾക്കുള്ളത്.

ഇന്ത്യയിൽ വിവാഹമോചനം നേടാൻ നൂലാമാലകളേറെ കടക്കണമെന്നും എത്രയൊക്കെ കോടതി കയറിയിറങ്ങിയാലും ദാമ്പത്യബന്ധം വേർപെടുത്തുന്നതിന് സാധ്യത വളരെക്കുറവാണെന്നുമുള്ള വാദങ്ങൾ ശരിവയ്ക്കുന്നതാണ് നിർമലിന്റെ അനുഭവം. ഏകദേശം 43.2 മില്യൺ വിവാഹമോചന കേസുകൾ വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നുണ്ടെന്നാണ് സർക്കാർ കണക്ക്. അക്രമങ്ങളോ, ക്രൂരതയോ, സാമ്പത്തികബാധ്യതയോ ഇല്ലാതെ വിവാഹമോചനം കോടതി അനുവദിച്ച് തരില്ലെന്നതാണ് മറ്റൊരു വസ്തുത.

ഇന്ത്യയിൽ വിവാഹമെന്നത് വളരെ പരിശുദ്ധമായതും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വൈകാരികമായ ജീവിതബന്ധമാണെന്നുമാണ് വ്യാഴാഴ്ച പ്രസ്താവിച്ച വിധിയിൽ കോടതി വിശദീകരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News