'ഇന്ത്യ ഒരു രാജ്യമല്ല, ഉപഭൂഖണ്ഡമാണ്'; വിവാദത്തിന് തിരികൊളുത്തി എ രാജ

'കുറ്റവാളികളെ സ്വീകരിക്കുമ്പോൾ വിളിക്കുന്ന ജയ് ശ്രീറാം വിളി അംഗീകരിക്കാനാകില്ല'

Update: 2024-03-06 07:32 GMT
Editor : ശരത് പി | By : Web Desk

മധുര: ഇന്ത്യയൊരു രാജ്യമല്ല, ഉപഭൂഖണ്ഡമാണ് എന്ന ഡിഎംകെ നേതാവ് എ രാജയുടെ പ്രസ്താവന വിവാദത്തിൽ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിലായിരുന്നു രാജയുടെ പ്രസ്താവന.

'ഒരു രാഷ്ട്രം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു പൈതൃകം എന്നിങ്ങനെയാണ്. ഇന്ത്യയൊരു രാജ്യമായിരുന്നില്ല, ഭൂഖണ്ഡമായിരുന്നു. ഇവിടെ, തമിഴ്‌നാട് ഒരു ഭാഷയും സംസ്‌കാരവും ഉള്ള രാഷ്ട്രമായിരുന്നു. മലയാളം മറ്റൊരു ഭാഷയും സംസ്‌കാരവുമാണ്. ഇതെല്ലാം കൂടിച്ചേർന്നാണ് ഇന്ത്യ ഉണ്ടാക്കിയത്. അങ്ങനെ ഇന്ത്യ ഒരു ഉപഭൂഖണ്ഡമായി. രാജ്യമല്ലായിരുന്നു' - എന്നായിരുന്നു രാജയുടെ വാക്കുകൾ.

Advertising
Advertising

കുറ്റവാളികളെ സ്വീകരിക്കുമ്പോൾ വിളിക്കുന്ന ജയ് ശ്രീറാം വിളിയും ഭാരത് മാതാ കീ ജയ് വിളികളും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിൽക്കീസ് ബാനു കേസിൽ വിട്ടയച്ച പ്രതികളെ സ്വീകരിക്കുമ്പോൾ ബിജെപി പ്രവർത്തകർ വിളിച്ച മുദ്രാവാക്യങ്ങളെ വിമർശിച്ചായിരുന്നു രാജയുടെ പ്രതികരണം. 'ഈ ദൈവത്തെ കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത് എങ്കിൽ, ഇതാണ് നിങ്ങളുടെ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങളെങ്കിൽ, ആ ജയ് ശ്രീറാമിനെയും ഭാരത് മാതായെയും അംഗീകരിക്കില്ല. തമിഴ്‌നാടിന് അതംഗീകരിക്കാനാകില്ല. ഞങ്ങൾ രാമന്റെ ശത്രുക്കളാണെന്ന് പോയി എല്ലാവരോടും പറയൂ' - അദ്ദേഹം കൂട്ടിച്ചേർത്തു.

വരും തെരഞ്ഞെടുപ്പ് ഡിഎംകെയുടെ അന്ത്യമായിരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് പിന്നാലെയാണ് രാജ ബിജെപിയെ കടന്നാക്രമിച്ചത്. ഇന്ത്യയുള്ളിടത്തോലം കാലം ഡിഎംകെ ഉണ്ടാകുമെന്നും രാജ പറഞ്ഞു. 'തെരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ ഉണ്ടാകില്ല എന്നാണ് നിങ്ങൾ (മോദി) പറഞ്ഞത്. ഡിഎംകെ ഇവിടെ ഇല്ലെങ്കിൽ ഇന്ത്യയും ഉണ്ടാകില്ല. ഓർത്തു വച്ചോളൂ. നിങ്ങൾ വാക്കു കൊണ്ട് കളിക്കുകയാണോ? ഇവിടെ ഇന്ത്യയുണ്ടാകില്ല എന്ന് ഞാൻ എന്തുകൊണ്ടാണ് പറയുന്നത്. കാരണം നിങ്ങൾ അധികാരത്തിൽ വന്നാൽ ഇന്ത്യ ഉണ്ടാകില്ല. ഭരണഘടനയുണ്ടാകില്ല. ഇന്ത്യ ഉണ്ടായില്ലെങ്കിൽ തമിഴ്‌നാട് പ്രത്യേക ഇടമായി മാറും. ആ സാഹചര്യം നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?' - അദ്ദേഹം ചോദിച്ചു.

രാജയുടെ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തുവന്നു. സാങ്കൽപ്പിക സാഹചര്യങ്ങൾ കെട്ടിപ്പടുത്ത് വിഘടനവാദ ചിന്തകളാൽ ജനങ്ങളുടെ മനസ്സിൽ വിഷം കലർത്തുകയാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ അടിസ്ഥാന ശിലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ കുറ്റപ്പെടുത്തി. ഇന്ത്യയുടെ വിഭജനത്തിന് ആഹ്വാനം ചെയ്യുകയും ഭഗവാൻ രാമനെ പരിഹസിക്കുകയുമാണ് എ രാജ ചെയ്യുന്നതെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സ് അക്കൗണ്ടിൽ കുറിച്ചു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News