വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാൻ അറസ്റ്റിൽ; ആം ആദ്മി സർക്കാർ പ്രതിരോധത്തിൽ
മന്ത്രിമാരെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നാലെ എംഎൽഎമാരെയും കുടുക്കുകയാണെന്നാണ് ആം ആദ്മി ആരോപിക്കുന്നത്
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എം.എൽ.എയും ഡൽഹി വഖഫ് ബോർഡ് ചെയർമാനുമായ അമാനത്തുല്ലാ ഖാൻ അറസ്റ്റിലായതോടെ ആം ആദ്മി സർക്കാർ പ്രതിരോധത്തിൽ. വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചിന്റെ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്. എം.എൽ.എയുടെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വീട്ടിലെ റെയ്ഡിൽ 12 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി രംഗത്ത് എത്തി. മന്ത്രിമാരെ കള്ളക്കേസിൽ കുടുക്കിയതിന് പിന്നാലെ എംഎൽഎമാരെയും കുടുക്കുകയാണെന്നാണ് ആം ആദ്മി ആരോപിക്കുന്നത്.
ഓഖ്ലയിൽ നിന്നുള്ള എംഎൽഎയായ അമാനത്തുല്ലാ ഖാനെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. സാക്കിർ നഗർ, ബട്ല ഹൗസ്, ജാമിഅ നഗർ ഉൾപ്പെടെ ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു അമാനത്തുല്ലയുടെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയുടെ വീട്ടിലും പരിശോധന നടത്തിയത്. പണത്തിനൊപ്പം നോട്ടെണ്ണൽ യന്ത്രവും പിടിച്ചെടുത്തിട്ടുണ്ട്. വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന.
അലിയുടെ ജാമിഅ നഗറിലെ വീട്ടിൽ നിന്നാണ് പണവും മറ്റും കണ്ടെത്തിയത്. ആയുധം ബെറെറ്റ പിസ്റ്റളാണെന്നും ഇതിൽ ബുള്ളറ്റുകളുണ്ടെന്നും എ.സി.ബി ഉദ്യോഗസ്ഥർ പറഞ്ഞു. എഎപി നേതാവിന്റെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സുഹൃത്താണ് ഹാമിദ് അലിയെന്നും ഉദ്യോ?ഗസ്ഥർ ആരോപിക്കുന്നു. 2020ലെ അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചയ്ക്ക് 12ഓടെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പുതിയ വഖഫ് ബോർഡ് ഓഫീസ് നിർമിച്ചതുമായി ബന്ധപ്പെട്ട് തനിക്ക് നോട്ടീസ് ലഭിച്ചതായി അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
Aam Aadmi Party government is on the defensive following the arrest of Waqf Board Chairman Amanatullah Khan