ഹിന്ദു-സിഖ് പുരോഹിതന്മാര്‍ക്ക് ഓരോ മാസവും 18,000 രൂപ; ഹോണറേറിയം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി

പൊലീസിനെ അയച്ച് പൂജാരിമാരുടെയും ഗ്രന്ഥിമാരുടെയും രജിസ്‌ട്രേഷനിൽ ഇടപെടാൻ ശ്രമിച്ചാൽ ദൈവകോപമുണ്ടാകുമെന്ന് ബിജെപിയോട് അരവിന്ദ് കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി

Update: 2024-12-30 11:00 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ഹിന്ദു-സിഖ് പുരോഹിതന്മാര്‍ക്ക് ഹോണറേറിയം പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. പാർട്ടി വീണ്ടും അധികാരത്തിലെത്തിയാൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ പൂജാരിമാർക്കും സിഖ് ഗുരുദ്വാരകളിലെ ഗ്രന്ഥിമാർക്കും മാസം 18,000 രൂപ വീതം നൽകും. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ ആണു പ്രഖ്യാപനം നടത്തിയത്.

'പൂജാരി-ഗ്രന്ഥി സമ്മാൻ യോജന' എന്നാണു പദ്ധതിക്കു പേരിട്ടിരിക്കുന്നത്. ഇതാദ്യമായാണ് മതപുരോഹിതന്മാർക്കായി രാജ്യത്ത് ഇത്തരമൊരു സാമ്പത്തിക സഹായം പ്രഖ്യാപിക്കുന്നതെന്ന് കെജ്‌രിവാൾ അവകാശപ്പെട്ടു. കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ നാളെ പൂജാരിമാരുടെയും ഗ്രന്ഥിമാരുടെയും രജിസ്‌ട്രേഷനു തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

''മതചടങ്ങുകളിലെല്ലാം നമ്മെ സഹായിക്കുന്നവരാണ് പൂജാരിമാർ. സമൂഹത്തിനായി സുപ്രധാനമായ സംഭാവനകളർപ്പിച്ചവരാണ് അവർ. എന്നാൽ, തിരിച്ച് സർക്കാർ അവരെ തീരേ ശ്രദ്ധിച്ചിട്ടില്ല. അവരുടെ കുടുംബത്തിന്റെ കാര്യത്തിൽ വേണ്ടത്ര കരുതലുണ്ടായിട്ടില്ല. ഇതിനാലാണ് പ്രതിമാസ ഹോണറേറിയം ആയി നമ്മൾ അവർക്കു പാരിതോഷികം നൽകാൻ തീരുമാനിച്ചത്'-കെജ്‌രിവാൾ പറഞ്ഞു.

പൂജാരിമാരുടെയും ഗ്രന്ഥിമാരുടെയും രജിസ്‌ട്രേഷനിൽ ഇടപെടാൻ നോക്കരുതെന്ന് അദ്ദേഹം ബിജെപിയോട് ആവശ്യപ്പെടുകയും ചെയ്തു. അതു ദൈവകോപത്തിനിടയാക്കും. ദൈവത്തിനും നമ്മൾക്കും ഇടയിലുള്ള പാലമായാണ് അവർ പ്രവർത്തിക്കുന്നത്. നമ്മുടെ പ്രാർഥനകൾ ദൈവത്തിലെത്തിക്കുകയും ചെയ്യുന്നു. പൂജാരിമാർക്കും ഗ്രന്ഥിമാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പൊലീസിനെ അയച്ചാൽ അവർ നിങ്ങളോട് ശപിക്കുമെന്നും കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി. സർക്കാർ ഫണ്ടിലെ അപര്യാപ്തത പദ്ധതിയെ ബാധിക്കില്ല. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഹോണറേറിയം ലഭിക്കുന്ന മൊത്തം പുരോഹിതന്മാരുടെ കണക്ക് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

ഡൽഹിയിലെ എല്ലാ ക്ഷേത്രങ്ങളിലും ഗുരുദ്വാരകളിലും ഹോണറേറിയം രജിസ്‌ട്രേഷൻ നടക്കും. ഇതിനായി എഎപി എംഎൽഎമാരും സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും മുന്നിട്ടിറങ്ങുമെന്നും കെജ്‌രിവാൾ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ത്രീകൾക്കായി 'മുഖ്യമന്ത്രി മഹിള സമ്മാൻ യോജന' എന്ന പേരിൽ 1,000 രൂപയുടെ ധനസഹായത്തിന് ഡൽഹി മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എഎപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ തുക 2,100 രൂപയാക്കി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. മഹിള സമ്മാൻ യോജന രജിസ്‌ട്രേഷൻ നടപടികൾക്ക് ഡിസംബർ 25നു തുടക്കമിടുകയും ചെയ്തു. എന്നാൽ, പദ്ധതിക്കെതിരെ ഡൽഹി വനിതാ-ശിശു കമ്മിഷൻ രംഗത്തെത്തി. നിലവിലില്ലാത്ത പദ്ധതിയുടെ പേരിൽ രജിസ്‌ട്രേഷൻ നടപടികൾ പാടില്ലെന്നായിരുന്നു കമ്മിഷൻ വ്യക്തമാക്കിയത്. രജിസ്‌ട്രേഷൻ നടപടികൾ തടയാൻ വേണ്ടി ബിജെപി പൊലീസിനെ അയച്ചെന്ന് എഎപി ആരോപിച്ചിരുന്നു.

Summary: Aam Aadmi Party chief Arvind Kejriwal announces RS 18,000 monthly honorarium for Hindu and Sikh priests if the party returns to power

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News