ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ലാ ഖാന് ജാമ്യം
സെപ്തംബർ 16നായിരുന്നു അമാനത്തുല്ലാ ഖാനെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അറസ്റ്റ് ചെയ്തത്.
ന്യൂഡൽഹി: ആംആദ്മി പാർട്ടി എം.എൽ.എയും ഡൽഹി വഖഫ് ബോർഡ് ചെയർമാനുമായ അമാനത്തുല്ലാ ഖാന് ജാമ്യം. വഖഫ് ബോർഡ് നിയമനത്തിൽ അഴിമതി ആരോപിച്ച് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെ അറസ്റ്റിലായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജാമ്യം.
സെപ്തംബർ 16നായിരുന്നു അമാനത്തുല്ലാ ഖാനെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അറസ്റ്റ് ചെയ്തത്. ഖാൻ വഖഫ് ബോർഡ് ചെയർമാനായിരിക്കെ മാർഗനിർദേശങ്ങൾ ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തെന്നാണ് എസിബിയുടെ ആരോപണം.
കൂടാതെ, വഖഫ് ബോർഡിന്റെ നിരവധി സ്വത്തുക്കൾ അനധികൃതമായി വാടകയ്‌ക്ക് നൽകിയതായും ആരോപണമുണ്ട്. ഓഖ്‌ലയിൽ നിന്നുള്ള എംഎൽഎയായ അമാനത്തുല്ലാ ഖാന്റെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയും അറസ്റ്റിലായിരുന്നു.
ഹാമിദ് അലിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ 12 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തിരുന്നു. പിന്നാലെ ലൈസൻസില്ലാത്ത തോക്ക് കൈവശം വച്ചെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആയുധ നിയമപ്രകാരമാണ് ഹാമിദ് അലിയെ അറസ്റ്റ് ചെയ്തത്.
ഡൽഹിയിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടായിരുന്നു ഹാമിദ് അലിയുടെ വീട്ടിലും പരിശോധന. വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള നിരവധി എഎപി നേതാക്കളിൽ ഒരാളാണ് ഖാൻ. അതേസമയം, എം.എൽ.എയുടേയും സഹായിയുടേയും അറസ്റ്റിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.