ഡൽഹിയിൽ രാജ്കുമാർ ആനന്ദ് പുതിയ മന്ത്രി
രാജേന്ദ്ര പൽ ഗൗതം രാജിവച്ച് 11 ദിവസത്തിനു ശേഷമാണ് പുതിയ മന്ത്രിയെത്തുന്നത്.
ന്യൂഡൽഹി: ഡൽഹിയിൽ രാജ്കുമാർ ആനന്ദ് കെജ്‌രിവാൾ മന്ത്രിസഭയിലെ പുതിയ മന്ത്രിയാകും. രാജേന്ദ്ര പൽ ഗൗതം ജിവച്ച ഒഴിവിലാണ് പുതിയ മന്ത്രി എത്തുന്നത്. ഡൽഹി പട്ടേൽ നഗർ എം.എൽ.എ ആണ് പുതിയ മന്ത്രി രാജ്‌കുമാർ ആനന്ദ്. രാജേന്ദ്ര പൽ ഗൗതം രാജിവച്ച് 11 ദിവസത്തിനു ശേഷമാണ് പുതിയ മന്ത്രിയെത്തുന്നത്.
ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന് ബി.ജെ.പി വ്യാപകമായി പ്രചാരണം അഴിച്ചു വിട്ടതിനെതുടർന്നാണ് ഡൽഹി സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പലിന് രാജിവയ്‌ക്കേണ്ടി വന്നത്. ഒക്ടോബർ ഒമ്പതിനാണ് പൽ രാജിവച്ചത്. മന്ത്രി പങ്കെടുത്ത ബുദ്ധമത പരിവർത്തന ചടങ്ങ് വിവാദമായിരുന്നു.
ഹിന്ദു ദൈവങ്ങളിൽ വിശ്വസിക്കില്ലെന്ന സത്യവാചകം മന്ത്രി ചടങ്ങിൽ ചെല്ലിക്കൊടുക്കുകയും ഇതിനെതിരെ ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തുകയുമായിരുന്നു. ഒക്ടോബർ അഞ്ചിനായിരുന്നു പരിപാടി. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചതിന്റെ 66ാം വാർഷികത്തിൽ ബുദ്ധമതത്തിലേക്ക് ആളുകളെ കൂട്ടത്തോടെ പരിവർത്തനം ചെയ്യുന്ന ചടങ്ങായിരുന്നു അത്.
7000ഓളം പേർ ഹിന്ദുമതം വിട്ട് ബുദ്ധമതം സ്വീകരിക്കുന്ന ചടങ്ങായിരുന്നു ഇത്. ഡൽഹി അംബേദ്കർ ഭവനിൽ നടന്ന ചടങ്ങിൽ ഹിന്ദു ദൈവങ്ങളായ 'ശിവ, ബ്രഹ്മ, വിഷ്ണു എന്നിവരെ തങ്ങൾ ഇനിമുതൽ ദൈവമായി അംഗീകരിക്കില്ല' എന്ന സത്യ വാചകമാണ് രാജേന്ദ്ര പൽ ചൊല്ലിക്കൊടുത്തത്.
ഈ ദൃശ്യങ്ങൾ ബി.ജെ.പി സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയുമായിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്നും ഹിന്ദു ദൈവങ്ങളെ അവഹേളിച്ചെന്നുമായിരുന്നു ബി.ജെ.പിയുടെ ആരോപണം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ
അറിവോടെയാണ് പരാമർശം നടന്നതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
എന്നാൽ താനൊരു കടുത്ത ബുദ്ധമതവിശ്വാസിയാണെന്നും തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ അതിന് മാപ്പ് ചോദിക്കുന്നതായും വ്യക്തമാക്കി രാജേന്ദ്ര പൽ ഗൗതം രംഗത്തെത്തിയിരുന്നു.