ആദ്യം എസി പൊട്ടിത്തെറിച്ചു, പിന്നീട് സിലിണ്ടറും; തുണിഫാക്ടറിയിൽ വൻ തീപിടിത്തം
ഫയർഫോഴ്‌സിന്റെ എട്ടോളം യൂണിറ്റുകളെത്തിയാണ് രണ്ടിടത്തെയും തീ കെടുത്തിയത്
നോയിഡ: ഷോർട്ട് സർക്യൂട്ട് മൂലം എസി പൊട്ടിത്തെറിച്ചത് വഴിവച്ചത് ഗ്യാസ് സിലിണ്ടറിന്റെയും പൊട്ടിത്തെറിയിലേക്ക്. ഉത്തർപ്രദേശിലെ നോയിഡയിൽ ഒരു തുണിക്കമ്പനിയിലാണ് സംഭവം. ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
നോയിഡയിലെ സെക്ടർ 10ലുള്ള കമ്പനിയിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവമുണ്ടാകുന്നത്. ഷോർട്ട് സർക്യൂട്ട് മൂലം എസി പൊട്ടിത്തെറിച്ചതായിരുന്നു ആദ്യത്തെ അപകടം. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമമാരംഭിച്ചു. തീ ഏകദേശം അണച്ചുവരെയാണ് ചൂട് അധികരിച്ച് കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായിരുന്ന സിലിണ്ടർ പൊട്ടിത്തെറിക്കുന്നത്. തുടർന്ന് ആ നിലയാകെ തീ ആളിപ്പടർന്നു.
ഫയർഫോഴ്‌സിന്റെ എട്ടോളം യൂണിറ്റുകളെത്തിയാണ് രണ്ടിടത്തെയും തീ കെടുത്തിയത്. കമ്പനിയിൽ ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.