നിയമം ലംഘിച്ച് 9000 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചു; ബൈജു രവീന്ദ്രന് ഇ.ഡി നോട്ടീസ്
ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇ.ഡിയുടെ നടപടി
Update: 2023-11-21 13:11 GMT
ഡൽഹി: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് ഇ.ഡി നോട്ടീസ്. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇഡിയുടെ ആരോപണം ബൈജൂസ് ആപ്പ് നിഷേധിച്ചു. ബൈജൂസിന്റെയും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്ഥാപകനാണ് ബൈജു രവീന്ദ്രൻ.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ കർണാടകയിലെ ബംഗളുരുവിൽ മൂന്നിടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്ന് ഇ.ഡി ആവകാശപ്പെട്ടിരുന്നത്. അതേസമയം ഇത്തരത്തിലൊരു നോട്ടീസ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബൈജുരവീന്ദ്രനും ബൈജൂസ് കമ്പനിയും അറിയിച്ചു. 2011 മുതൽ 2023 വരെ കമ്പനിക്ക് 28000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചുവെന്നാണ് ആരോപണം.