ലോക്സഭാംഗത്വം റദ്ദാക്കിയ നടപടി; മുഹമ്മദ്‌ ഫൈസലിന്‍റെ ഹരജി തിങ്കളാഴ്ച പരിഗണിക്കും

ഹൈക്കോടതി വിധി എതിരായതോടെ ഫൈസലിന്‍റെ അംഗത്വം റദ്ദാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു

Update: 2023-10-05 01:28 GMT
Advertising

കോഴിക്കോട്: ലക്ഷദ്വീപ് മുൻ ലോക്സഭാംഗം മുഹമ്മദ്‌ ഫൈസൽ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹരജി തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. ഹൈക്കോടതി വിധി എതിരായതോടെ അംഗത്വം റദ്ദാക്കി ലോക്സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു .


വധശ്രമക്കേസിൽ കവരത്തി സെഷൻസ് കോടതി വിധിച്ച പത്തു വർഷം തടവ് ശിക്ഷ അനുഭവിക്കുന്നത് സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരൻ ആണെന്ന കണ്ടെത്തലിനു സ്റ്റേ നൽകാൻ ഹൈക്കോടതി തയാറായില്ല. ഇവ രണ്ടിലും സ്റ്റേ ലഭിക്കണം എന്ന മാനദണ്ഡം പാലിക്കാൻ കഴിയാതെ വന്നതോടെയാണ് ലോക് സഭാംഗത്വം റദ്ദാക്കപ്പെട്ടത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ടാണ് സുപ്രിം കോടതിയിലെ ഹരജി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ മുമ്പാകെ ഹരജി പരാമർശിക്കും. മുഹമ്മദ്‌ ഫൈസലിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽസിബൽ ഹാജരാകും.

സുപ്രിംകോടതിയിൽ നിന്നും സ്റ്റേ ലഭിച്ചില്ലെങ്കിൽ ഒരിക്കൽ നഷ്ടമായ എം.പി സ്ഥാനം ഇനി ഫൈസലിന് തിരികെ ലഭിക്കില്ല. അടുത്ത ആഴ്ച 5 സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കാനിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പുകൾക്കൊപ്പം ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പും നടത്തിയാൽ ഫൈസലിന് തിരിച്ചടിയാകും.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News