അസമിൽ യുവാവിന്‍റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച നാട്ടുകാരുടെ വീടുകൾ ബുള്‍ഡോസര്‍ കയറ്റി തകർത്തു
നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ബതദ്രാബ പൊലീസ് സ്റ്റേഷന് ഒരു സംഘം തീവെച്ചിരുന്നു.
ദിസ്പൂര്‍: അസമിലെ നാഗാവ് ജില്ലയിൽ യുവാവിന്‍റെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച നാട്ടുകാരുടെ വീടുകൾ ജില്ലാ ഭരണകൂടം തകർത്തു. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ബതദ്രാബ പൊലീസ് സ്റ്റേഷന് ഒരു സംഘം തീവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് നാട്ടുകാരുടെ വീടുകൾ സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത സഫിഖുല്‍ എന്ന യുവാവ് മരിച്ചത്. പൊതുവഴിയിൽ വെച്ച് മദ്യപിച്ചെന്ന കുറ്റം ചുമത്തിയാണ് സഫിഖുലിനെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിൽ നിന്നും സഫീഖുലിനെ വിട്ട് നൽകാൻ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി കുടുംബം ആരോപിച്ചു. യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്ന് ആയിരത്തിലേറെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം അക്രമാസക്തമാവുകയും മൂന്നു പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിനിടെ പൊലീസ് സ്റ്റേഷന് ഒരു സംഘം തീവെച്ചു. സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റിലായി.
പിന്നാലെ നാഗാവ് ജില്ലാ ഭരണകൂടം ആണ് സർക്കാർ ഉത്തരവുമായി വീടുകൾ പൊളിച്ച് നീക്കാൻ എത്തിയത്. അഞ്ച് പ്രദേശവാസികളുടെ വീടുകളാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
സഫീഖുലിന്‍റെ കസ്റ്റഡി മരണത്തിൽ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ ബതദ്രാബ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തെന്ന് ഡി.ജി.പി ഭാസ്കര്‍ ജ്യോതി മഹന്ത പറഞ്ഞു- "സഫീഖുലിന്‍റെ ദൌർഭാഗ്യകരമായ മരണം ഞങ്ങൾ വളരെ ഗൗരവത്തോടെ കാണുന്നു. പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും. അക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കില്ല".