ഹിജാബ് വിലക്കിന് പിന്നാലെ ഹലാൽ നിരോധന നീക്കവുമായി കർണാടക സർക്കാർ; പരിചയൊരുക്കാൻ കോൺഗ്രസ്
അംഗീകൃത അധികാരിയെ നിയമിക്കുന്നത് വരെ ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണം എന്ന് ബിൽ നിർദേശിക്കുന്നു.
ബംഗളുരു: സംസ്ഥാനമൊട്ടാകെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയത് വൻ വിവാദമായതിന് പിന്നാലെ അടുത്ത ഗൂഢനീക്കവുമായി കർണാടക ബിജെപി സർക്കാർ. ഹലാൽ നിരോധനത്തിനുള്ള നീക്കമാണ് അണിയറയിൽ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ സൂചന നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ബിജെപി എം.എൽ.എമാരിൽ ഒരാളും രംഗത്തെത്തി.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിൽ അവതരിപ്പിക്കാനാണ് നീക്കം. ബില്ലിൽ നിന്ന് പിന്മാറുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അതേസമയം, ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം.
"നോക്കാം. സ്വകാര്യ ബില്ലിന് അതിന്റേതായ നിലപാടുണ്ട്. എന്താണ് ചെയ്യാൻ പറ്റുകയെന്ന് ഞങ്ങൾ പരിശോധിക്കും"- മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ബിജെപി എം.എൽ.എ രവി കുമാറാണ് നിയമസഭയിൽ ഹലാൽ നിരോധന ബിൽ സ്വകാര്യമായി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. മുസ്‌ലിം സംഘടനകളാണ് ഹലാൽ സർട്ടിഫിക്കേഷൻ നടത്തുന്നതെന്നും അതിനായി വൻ തുക ഈടാക്കുന്നതായും ഇതിൽ നിന്ന് വൻ ലാഭം കൊയ്യുന്നുണ്ടെന്നും രവി കുമാർ ആരോപിച്ചു.
അംഗീകൃത അധികാരിയെ നിയമിക്കുന്നത് വരെ ഹലാൽ സർട്ടിഫിക്കേഷൻ നിരോധിക്കണം എന്ന് ബിൽ നിർദേശിക്കുന്നു. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ രവികുമാർ നേരത്തെ ഗവർണർ തവാർ ചന്ദ് ഗെഹ്‌ലോട്ടിന് കത്തയ്ക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർമാനും രവികുമാർ കത്തെഴുതിയിട്ടുണ്ട്. 2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയാണ് കത്ത്. സ്വകാര്യ വ്യക്തികളെയും സ്ഥാപനങ്ങളേയും ഭക്ഷണസാധനങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകുന്നതിൽ നിന്ന് വിലക്കുന്നതാണ് ഭേദഗതി.
ഭേദഗതി സംസ്ഥാന സർക്കാരിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും ഖജനാവിന് 5000 കോടിയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നും കത്തിൽ അവകാശപ്പെടുന്നു. ഹലാൽ ഭക്ഷണം എക്കണോമിക് ജിഹാദ് ആണെന്ന ആരോപണവുമായി ഈ വർഷം ആദ്യം ബിജെപി നേതാവ് രംഗത്തെത്തിയതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഹലാലിനെ ചൊല്ലി വിവാദം ആരംഭിച്ചത്.
നവരാത്രി, ഉഗാഡി ഉത്സവങ്ങവങ്ങളോടനുബന്ധിച്ച് ഹലാൽ ഭക്ഷണങ്ങൾ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘ്പരിവാർ- ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയിരുന്നു. അമുസ്‌ലിംകൾക്ക് ഹലാൽ സർട്ടിഫിക്കറ്റുള്ള മാംസ വിഭവങ്ങൾ വിതരണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ദീപാവലിക്ക് മുന്നോടിയായി കെ.എഫ്.സി, മക്ഡൊണാൾഡ് ഔട്ട്ലെറ്റുകൾക്ക് മുന്നിൽ പ്രതിഷേധവുമായി ചില ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു.
2021 ഡിസംബറിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം ആരംഭിക്കുന്നത്. സ്കൂളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെതിരെ ഉഡുപ്പിയിലെ ഒരു സ്കൂളിലെ ആറ് വിദ്യാർഥിനികൾ സമരം ആരംഭിക്കുകയും ഇവരെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് കലക്ടർ ഇടപെട്ടെങ്കിലും പരിഹാരമുണ്ടായില്ല. ഇതോടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പ്രതിഷേധവും പിന്നാലെ വിലക്കും തുടർന്നു.
പിന്നീട് സംസ്ഥാന സർക്കാർ ഇടപെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയതോടെ ദേശീയതലത്തിൽ തന്നെ പ്രതിഷേധം അലയടിച്ചു. തുടർന്ന് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി സർക്കാരിന്റെ വിലക്ക് നടപടി ശരിവയ്ക്കുകയായിരുന്നു. നിലവിൽ സുപ്രിംകോടതിയുടെ പരിഗണനയിലാണ് കേസ്.