എൻ.ഡി.ടി.വിക്ക് പിന്നാലെ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ ഭൂരിപക്ഷ ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്
കഴിഞ്ഞ വർഷം ഡിസംബറിലാണ് എൻ.ഡി.ടി.വിയുടെ 65 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.
ന്യൂഡൽഹി: വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കി അദാനി ഗ്രൂപ്പ്. അദാനി എന്റർപ്രൈസസിന്റെ അനുബന്ധ സ്ഥാപനമായ എ.എം.ജി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് ആണ് ഐ.എ.എൻ.എസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 50.50 ശതമാനം ഓഹരികൾ ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ട്. എത്ര തുകക്കാണ് കരാർ ഒപ്പിട്ടതെന്ന വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു അദാനി ഗ്രൂപ്പ് മാധ്യമസ്ഥാപനങ്ങൾ ഏറ്റെടുക്കുന്നതിലേക്ക് തിരിഞ്ഞത്. ബിസിനസ്, ഫിനാൻഷ്യൽ ന്യൂസ് ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ ബിക്യു പ്രൈം കൈകാര്യം ചെയ്യുന്ന ക്വിന്റില്യൺ ബിസിനസ് മീഡിയയെ ആയിരുന്നു ആദ്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കഴിഞ്ഞ ഡിസംബറിൽ എൻ.ഡി.ടി.വിയുടെ 65 ശതമാനം ഓഹരിയും സ്വന്തമാക്കി.
എ.എം.എൻ.എൽ വഴിയാണ് അദാനി ഗ്രൂപ്പ് ഐ.എ.എൻ.എസിന്റെ ഓഹരികൾ വാങ്ങിയത്. ഐ.എ.എൻ.എസ് ഓഹരി ഉടമയായ സന്ദീബ് ബംസായിയുമായി എ.എം.എൽ.എൽ കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇനിമുതൽ ഐ.എ.എൻ.എസ് മാനേജ്‌മെന്റ് നിയന്ത്രണങ്ങളുടെയും പ്രവർത്തനങ്ങളുടെയും ചുമതല എ.എം.എൻ.എല്ലിന് ആയിരിക്കും.