ഭീകരാക്രമണത്തിന് പിന്നാലെ രാജ്‌നാഥ് സിങ് ഇന്ന് ജമ്മു കശ്മീർ സന്ദര്‍ശിക്കും

ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ജമ്മുവിലെത്തും.

Update: 2023-05-06 03:37 GMT
Advertising

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീർ സന്ദർശിക്കും. ജമ്മുവിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തും. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും ജമ്മുവിലെത്തും.

ഇരുവരും ഭീകരാക്രമണമുണ്ടായ ജമ്മുവിലെ രജൗരി സന്ദർശിക്കും. അതേസമയം ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനീകർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശവാസികളുടെ സഹായം ഭീകരർക്ക് ലഭിക്കുന്നുണ്ടോ എന്ന സംശയവും സേനക്കുണ്ട്. സംഘർഷ മേഖലയിൽ തെരച്ചിൽ നടത്തും.

സംഘർഷത്തിൽ കഴിഞ്ഞ ദിവസം രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. എ.കെ 47 റൈഫിളും ഒരു പിസ്റ്റളും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ വാനിഗ്രാം പയീൻ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഈ മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷോപിയാൻ സ്വദേശികളായ ഷാക്കിർ മജീദ് നജർ, ഹനാൻ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കശ്മീർ എഡിജിപി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News