ബിഹാറില്‍ വീണ്ടും വിഷമദ്യ ദുരന്തം; അഞ്ച് പേര്‍ മരിച്ചു
2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ
പറ്റ്ന: ബിഹാറിൽ വീണ്ടും വിഷമദ്യ ദുരന്തം. അഞ്ച് പേർ മരിച്ചു. ഭഗവൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഇടങ്ങളിലാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. അതിനിടെ ചാപ്രയിൽ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ചൊവ്വാഴ്ച്ച രാത്രി ഗ്രാമത്തിലെ ആഘോഷത്തിനിടെ മദ്യം കുടിച്ചവരാണ് മരിച്ചത്.
2016 മുതൽ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ബിഹാർ. തുടർച്ചയായുള്ള വിഷമദ്യദുരന്തം സംസ്ഥാനത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 6 മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ ദുരന്തമാണ് ചാപ്രയിലേത്.
കഴിഞ്ഞ ആഗസ്തില്‍ സംസ്ഥാനത്ത് 11 പേർ വ്യാജമദ്യം കഴിച്ച് മരിച്ചിരുന്നു. മദ്യം കഴിച്ച് ചികിത്സയിൽ കഴിയുന്ന പലർക്കും കാഴ്ച്ച നഷ്ടപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. മദ്യം ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായും കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.
മദ്യനിരോധനം ഉള്ളിടത്ത് മദ്യപിക്കുന്നവർ മരിക്കുമെന്നും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ല. 2016 മുതൽ സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെന്നും ആളുകൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു.
''മദ്യം കഴിച്ചാൽ മരിക്കും. അതിന് നമുക്ക് മുന്നിൽ ഉദാഹരണങ്ങളുണ്ട്. മദ്യപാനത്തെക്കുറിച്ച് ബാപ്പുജി പറഞ്ഞത് എന്താണെന്ന് നിങ്ങൾക്കറിയില്ലേ? ലോകത്താകമാനം നടന്ന ഗവേഷണങ്ങളും മദ്യം വിഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിരവധിയാളുകൾ ഇതുകൊണ്ട് മാത്രം മരിക്കുന്നു. പണ്ട് കാലം മുതൽ തന്നെ ആളുകൾ മദ്യം കഴിച്ച് മരിക്കുന്നുണ്ട്. രാജ്യമെമ്പാടും ഇത്തരം ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഞങ്ങൾ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്, എന്നാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. നിരോധനം ഉണ്ടാകുമ്പോൾ, വിൽക്കുന്ന മദ്യത്തിൽ എന്തെങ്കിലും പ്രശ്‌നമുണ്ടാകും'' എന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്.