ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് അഖിലേഷ് യാദവ്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇൻഡ്യ മുന്നണിക്ക് കഴിയുമെന്ന് അഖിലേഷ് പറഞ്ഞു.
ലഖ്‌നോ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്ത് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.പിയുമായുള്ള കോൺഗ്രസിന്റെ സീറ്റ് ചർച്ചകൾ പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് ന്യായ് യാത്രയിൽ പങ്കെടുത്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഇൻഡ്യ മുന്നണിക്ക് കഴിയുമെന്ന് അഖിലേഷ് പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. അത് ശക്തമായി വിനിയോഗിക്കണം. കർഷകർ ഇപ്പോഴും സമരം ചെയ്യുകയാണ്. രാജ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ അധികാരത്തിൽനിന്ന് താഴെയിറക്കാനുള്ള തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും അഖിലേഷ് പറഞ്ഞു.
ഉത്തർപ്രദേശിൽ ന്യായ് യാത്രക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് വലിയ ആവേശമാണ് കോൺഗ്രസിന് നൽകുന്നത്. ന്യായ് യാത്രയുടെ നേട്ടം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാവുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.