വീട് പൊളിക്കല്‍: ജാവേദ് മുഹമ്മദിന്റെ ഭാര്യ നല്‍കിയ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി
അലഹബാദ് ഹൈക്കോടതി ജഡ്ജി സുനിത അഗർവാളാണ് പിന്മാറിയത്.
അലഹബാദ്: പ്രയാഗ് രാജിലെ വീട് പൊളിക്കൽ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ ഭാര്യ ഫാത്തിമ നൽകിയ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് ജഡ്ജി പിന്മാറിയത്. അലഹബാദ് ഹൈക്കോടതി ജഡ്ജി സുനിത അഗർവാളാണ് പിന്മാറിയത്.
ഹരജി മറ്റൊരു ബെഞ്ച് ഇന്ന് തന്നെ പരിഗണിച്ചേക്കും. അനധികൃത കയ്യേറ്റം ആരോപിച്ച് വീട് പൊളിച്ചു നീക്കിയതിനെതിരെയാണ് ഹരജി. വീട് തന്‍റെ പേരിലാണെന്നും വീട് പൊളിച്ചു നീക്കുന്നതിന് മുൻപ് പ്രയാഗ് രാജ് വികസന അഥോറിറ്റി നോട്ടീസ് നൽകിയില്ലെന്നും ഫാത്തിമ ഹരജിയിൽ ചൂണ്ടിക്കാട്ടി. വീട് അനധികൃതമായി നിർമിച്ചതല്ലെന്നും നിയമം പാലിച്ചുള്ളതാണെന്നും ഫാത്തിമ പറഞ്ഞു. ചില പ്രത്യേക അജണ്ടകളാണ് പൊളിച്ചു നീക്കലിന് പിന്നിലെന്നും ഹരജിയില്‍ പറയുന്നു.
പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചതിന് ജാവേദ് മുഹമ്മദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ജൂണ്‍ 12നാണ് വീട് പൊളിച്ചുനീക്കിയത്.