ഗ്യാൻവാപി മസ്ജിദിലെ എഎസ്‌ഐ സർവേയ്ക്ക് സ്‌റ്റേ
അലഹബാദ് ഹൈക്കോടതിയാണ് വരാണസി കോടതിയുടെ ഉത്തരവ് തടഞ്ഞത്
ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താനുള്ള ഉത്തരവിന് അലഹബാദ് ഹൈക്കോടതിയുടെ സ്‌റ്റേ. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള പള്ളി ക്ഷേത്രാവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതാണോ എന്നു പരിശോധിക്കാനായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുടെ സർവേ. കഴിഞ്ഞ ഏപ്രിലിൽ വരാണസി കോടതിയാണ് സർവേയ്ക്ക് ഉത്തരവിട്ടത്.
ജസ്റ്റിസ് പ്രകാശ് പാഡിയയുടെ ഏകാംഗ ബെഞ്ചാണ് സർവേ നടത്താനുള്ള ഉത്തരവ് സ്‌റ്റേ ചെയ്തത്. സർവേയുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും നിർത്തിവയ്ക്കാൻ ഉത്തരവിട്ട ബെഞ്ച് വരാണസി കോടതിയുടെ ഉത്തരവില്‍ കടുത്ത നിരീക്ഷണങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വരാണസി കോടതിയുടെ ഉത്തരവിനെതിരെ യുപി സുന്നി വഖഫ് ബോർഡും ഗ്യാൻവാപി മസ്ജിദ് ട്രസ്റ്റുമാണ് അലഹബാദ് കോടതിയെ സമീപിച്ചത്.
പള്ളിയിൽ സർവേ നടത്താൻ വരാണസി കോടതി എഎസ്‌ഐയോട് ആവശ്യപ്പെടുകയായിരുന്നു. 2019ൽ ഒരു അഭിഭാഷകൻ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. മുഗൾ ഭരണാധികാരിയായ ഔറംഗസേബ് വിശ്വേശ്വർ ദേവക്ഷേത്രം തകർത്ത് നിർമിച്ചതാണ് ഗ്യാൻവാപി മസ്ജിദെന്നായിരുന്നു ഹരജിയിൽ ആരോപിച്ചിരുന്നത്. ഇതേ വിഷയത്തിലുള്ള 1991ലെ കേസ് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
സർവേക്കായി പുരാവസ്തു ഗവേഷണ രംഗത്തെ അഞ്ചു വിദഗ്ധരുടെ സമിതിയുണ്ടാക്കണമെന്നും വരാണസി കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ മുസ്‍ലിം വിഭാഗക്കാരായ രണ്ടുപേരെ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.