ബി.ജെ.പി നേതാവ് അണ്ണാമലൈ ഹെലികോപ്റ്ററില്‍ നിറയെ പണവുമായി കര്‍ണാടകയിലിറങ്ങിയെന്ന് കോണ്‍ഗ്രസ്

ഉഡുപ്പിയിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്

Update: 2023-04-19 06:48 GMT
Advertising

ഉഡുപ്പി: ബി.ജെ.പി തമിഴ്നാട് പ്രസിഡന്‍റ് അണ്ണാമലൈ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ബാഗ് നിറയെ പണവുമായി കര്‍ണാടകയിലിറങ്ങിയെന്ന് കോണ്‍ഗ്രസ് നേതാവ്. ഉഡുപ്പിയിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങിയത്. മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിനയകുമാര്‍ സൊറാകെയാണ് ആരോപണമുന്നയിച്ചത്.

കൗപ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയാണ് വിനയകുമാർ സൊറാകെ. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അദ്ദേഹം വിവരമറിയിച്ചു. അണ്ണാമലൈയുടെ ബാഗും റൂമും സഞ്ചരിച്ച വാഹനങ്ങളും ഹെലികോപ്റ്ററും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് ഉഡുപ്പിയിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍ സീത പറഞ്ഞു.

ഏപ്രില്‍ 17ന് രാവിലെ 9.55നാണ് അണ്ണാമലൈ ഉഡുപ്പിയില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങിയത്. കൗപ് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്താനാണ് താന്‍ വന്നതെന്നാണ് അണ്ണാമലൈ പറഞ്ഞത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റ വാഹനം ഉദ്യാവര്‍ ചെക്ക് പോസ്റ്റ് കടന്നുപോകവേ അവിടെ വെച്ചു എസ്.എസ്.ടി സംഘം പരിശോധന നടത്തിയെന്ന് സീത പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിയോടെ അദ്ദേഹം കടിയാലിയിലെ ഓഷ്യൻ പേൾ ഹോട്ടലിൽ എത്തി. ഹോട്ടല്‍ മുറിയിലും പരിശോധന നടത്തി. ഒരു ഘട്ടത്തിലും പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞത്.

വിനയകുമാർ സൊറാകെ തിങ്കളാഴ്ച ഉഡുപ്പി മണ്ഡലം കോൺഗ്രസ് സ്ഥാനാർഥി പ്രസാദ് രാജ് കാന്തന്റെ പത്രികാ സമർപ്പണത്തിനു ശേഷം സംസാരിക്കുമ്പോഴാണ് ആരോപണം ഉന്നയിച്ചത്. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളില്‍ ഒരാളാണ് അണ്ണാമലൈ. ഐ.പി.എസ് വിട്ടാണ് അണ്ണാമലൈ രാഷ്ട്രീയത്തിലെത്തിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News