അമരീന്ദർ സിങ് ബി.ജെ.പിയിലേക്ക്; പാർട്ടി ലയനം തിങ്കളാഴ്ച
അമരീന്ദറിനൊപ്പം മക്കളും ബി.ജെ.പിയിൽ അംഗത്വമെടുക്കും
അമൃത്സർ: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ പാർട്ടി ബി.ജെ.പിയിൽ ലയിക്കും. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കോൺഗ്രസ് വിട്ട് രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് ആണ് പിരിച്ചുവിട്ട് ബി.ജെ.പിയോടൊപ്പം ചേരുന്നത്. തിങ്കളാഴ്ചയാണ് ലയനസമ്മേളനം.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ അമരീന്ദർ പാർട്ടി അംഗത്വമെടുക്കും. ക്യാപ്റ്റനൊപ്പം മകൻ റാൺ ഇന്ദർ സിങ്, മകൾ ജെയ് ഇന്ദർ കൗർ, പേരമകൻ നിർവാൺ സിങ് എന്നിവരും ബി.ജെ.പിയിൽ ചേരുമെന്നാണ് അറിയുന്നത്. നിലവിൽ നട്ടെല്ലിൽ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ് അമരീന്ദറുള്ളത്.
കഴിഞ്ഞ ഒക്ടോബറിലാണ് പഞ്ചാബ് കോൺഗ്രസിൽ പുകഞ്ഞുകൊണ്ടിരുന്ന ആഭ്യന്തര യുദ്ധത്തിനൊടുവിൽ അമരിന്ദർ പാർട്ടി വിടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി ചരൺജിത്ത് സിങ്ങിനു സ്ഥാനം നൽകിയതോടെയാണ് അമരിന്ദർ പാർട്ടി നേതൃത്വത്തോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസ് വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടിയും രൂപീകരിച്ചു.
അഞ്ചു വർഷത്തോളം പാർട്ടിയുടെ നേതൃസ്ഥാനങ്ങളിരുന്ന ശേഷമായിരുന്നു കൂടുമാറ്റം. നേതൃത്വം തന്നെ പലതവണ അപമാനിച്ചുവെന്നും ഇനിയും ഇങ്ങനെ സഹിച്ചു മുന്നോട്ടുപോകാനാകില്ലെന്നും തുറന്നടിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. തന്നിൽ രാഷ്ട്രീയം ഇനിയും ബാക്കിയുണ്ടെന്ന മുന്നറിയിപ്പ് കൂടി നൽകിയായിരുന്നു പാർട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ, ബി.ജെ.പിയിൽ ചേരില്ലെന്ന് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഖ്യം ചേർന്ന് പി.എൽ.സി അരങ്ങേറ്റം കുറിച്ചു. അമരിന്ദറിന്റെ സാന്നിധ്യം വലിയ മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്ക് പക്ഷെ തെരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആം ആദ്മി പാർട്ടി കുതിപ്പുണ്ടാക്കിയ തെരഞ്ഞെടുപ്പിൽ സ്വന്തം തട്ടകമായ പാട്യാലയിലടക്കം അമരിന്ദറിൻറെ പാർട്ടി അടിപതറി. അമരിന്ദറിന് കെട്ടിവച്ച തുക പോലും നഷ്ടപ്പെടുകയും ചെയ്തു.
Summary: Amarinder Singh's party Punjab Lok Congress to merge with BJP on September 19