പൗരത്വ നിയമം: മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്ന് റിപ്പോർട്ട്
2019 ഡിസംബർ 11-നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2019 ഡിസംബർ 11-നാണ് പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്. രാജ്യത്തിന്റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നിരുന്നു.