ജീവനാംശം വിധിക്കുന്നത് ശിക്ഷയായി മാറരുത്; എട്ട്‌ വ്യവസ്ഥകളുമായി സുപ്രിംകോടതി

ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് പ്രസന്ന വി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്

Update: 2024-12-12 11:47 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: ബെംഗളൂരുവില്‍ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തതിന് പിന്നാലെ വിവാഹമോചന കേസുകളില്‍ ജീവനാംശം വിധിക്കുന്നതിന് എട്ട് നിബന്ധനകള്‍ മുന്നോട്ടുവച്ച് സുപ്രിംകോടതി. ജീവനാംശം വിധിക്കുന്നത് ശിക്ഷയായി മാറരുത് എന്ന് സുപ്രിംകോടതി വ്യക്തമാക്കി.

വ്യാജ സ്ത്രീധനപീഡന ആരോപണത്തിലാണ് അതുൽ സുഭാഷ് എന്ന 34കാരൻ, 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ദീര്‍ഘമായ ആത്മഹത്യാക്കുറിപ്പും തയ്യാറാക്കിവച്ച് ആത്മഹത്യ ചെയ്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയേയും 24 പേജുള്ള ആത്മഹത്യാക്കുറിപ്പില്‍ അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അതുലിന്റെ ആത്മഹത്യാക്കുറിപ്പും വീഡിയോയും ചര്‍ച്ചയായതിന് പിന്നാലെയാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെ ജീവനാംശം വിധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സുപ്രിം കോടതി മുന്നോട്ടുവച്ചത്. ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് പ്രസന്ന വി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

'ഭാര്യയുടെയും ഭര്‍ത്താവിന്റെയും സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാട് പരിഗണിക്കണം. ഭാവിയില്‍ ഭാര്യയുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ പരി​ഗണിക്കണം. രണ്ട് കക്ഷികളുടെയും വിദ്യാഭ്യാസ യോഗ്യതകളും ജോലിയും കണക്കിലെടുക്കണം. വരുമാനമാര്‍ഗങ്ങളും സ്വത്തുവകകളും വിലയിരുത്തണം. ഭര്‍തൃവീട്ടില്‍ കഴിയുന്നകാലത്തെ ഭാര്യയുടെ ജീവിതനിലവാരം കണക്കിലെടുക്കണം. കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഭാര്യയ്ക്ക് ജോലി ഉപേക്ഷിക്കേണ്ടിവന്നോ എന്നകാര്യം പരിഗണിക്കണം. നിയമ നടപടികള്‍ക്കായി ജോലിയില്ലാത്ത ഭാര്യയ്ക്ക് എത്രതുക ചെലവഴിക്കേണ്ടിവന്നു എന്നകാര്യം ആരായണം. ഭര്‍ത്താവിന്റെ സാമ്പത്തികനില എന്താണെന്നും വരുമാനമാര്‍ഗവും മറ്റ് ബാധ്യതകളും എന്തൊക്കെയാണെന്ന് മനസിലാക്കണം' എന്നിവയാണ് സുപ്രിംകോടതി മുന്നോട്ടുവെച്ച വ്യവസ്ഥകൾ.

രാജ്യത്തെ എല്ലാ കോടതികളും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ ജീവനാംശം വിധിക്കുന്നതിനുള്ള മാര്‍ഗരേഖയായി കണക്കാക്കണം. ജീവനാംശം വിധിക്കുന്നത് ഭര്‍ത്താവിനെ ശിക്ഷിക്കുന്ന തരത്തിലാകരുത്. അതേസമയം ഭാര്യയ്ക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതായിരിക്കണമെന്നും സുപ്രിംകോടതി നിർദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News