'വയനാട്ടിൽ നിന്ന് പുതിയ മുസ്‌ലിം ലീഗ് എംപി സത്യപ്രതിജ്ഞ ചെയ്തു'; പ്രിയങ്കക്കെതിരെ അമിത് മാളവ്യ
വയനാട് പാർലമെന്റ് മണ്ഡലത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഐടി സെൽ മേധാവിയുടെ വിദ്വേഷ പ്രചാരണം.
ന്യൂഡൽഹി: വയനാട് എംപിയായ സത്യപ്രതിജ്ഞ ചെയ്ത പ്രിയങ്കാ ഗാന്ധിക്കെതിരെ വിദ്വേഷ പോസ്റ്റുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. വയനാട്ടിൽനിന്ന് പുതിയ മുസ്‌ലിം ലീഗ് എംപി സത്യപ്രതിജ്ഞ ചെയ്തു...ഗാന്ധി കുടുംബത്തിന് ഇത് വിശിഷ്ട നിമിഷം എന്നാണ് മാളവ്യയുടെ ഒരു ട്വീറ്റ്.
ആകർഷകമായ കാര്യമെന്തെന്നാൽ വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നും മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണ്. 2011ലെ സെൻസസ് പ്രകാരം മലപ്പുറത്തെ ജനസംഖ്യയിൽ 70.20 ശതമാനവും മുസ്‌ലിംകളാണ്. ഇപ്പോൾ അതിലും കൂടിയിട്ടുണ്ടാവുമെന്നും അമിത് മാളവ്യ എക്‌സിൽ കുറിച്ചു.
New Muslim League MP from Wayanad takes oath. Epoch moment for the Gandhi family.
— Amit Malviya (@amitmalviya) November 28, 2024
Interesting fact: three out of seven ACs of Wayanad parliamentary seat, are part of Malappuram, a Muslim majority district, with approx 70.24% (as per 2011 census; must be much higher now) Muslim population.
— Amit Malviya (@amitmalviya) November 28, 2024
അമിത് മാളവ്യയുടെ ട്വീറ്റ് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പ്രതികരിച്ചു. ഹിന്ദു മുസ്‌ലിം ഭിന്നിപ്പുണ്ടാക്കാനാണ് മാളവ്യയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് രാവിലെയാണ് പ്രിയങ്കാ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. മാതാവ് സോണിയാ ഗാന്ധി, പ്രതിപക്ഷനേതാവും സഹോദരനുമായ രാഹുൽ ഗാന്ധി എന്നിവർക്കൊപ്പമാണ് പ്രിയങ്ക പാർലമെന്റിൽ എത്തിയത്. ഭരണഘടനയുടെ കോപ്പി ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ.