"ഞങ്ങളെ കാണാൻ പോലും അമിത് ഷാ കൂട്ടാക്കിയില്ല..." ആർജികറിൽ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബം

"അമിത് ഷായെ കാണാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു... ഒരു ദിവസം മുഴുവൻ നഗരത്തിൽ കാത്തിരുന്നു, പക്ഷേ ഒരഞ്ച് മിനിറ്റ് പോലും ഞങ്ങൾക്കനുവദിച്ച് തന്നില്ല"

Update: 2024-12-09 09:45 GMT
Advertising

കൊൽക്കത്തയിലെ ആർജികർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിട്ട് നാലുമാസം പിന്നിടുന്നു. ബംഗാളിലാകെ പ്രതിഷേധത്തീ പടർത്തിയ ഈ സംഭവത്തിൽ, ആശുപത്രിയിൽ നിന്ന് ജൂനിയർ ഡോക്ടർമാരിൽ പലരും രാജിവച്ചിട്ടും നിരാഹാരമിരുന്നിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ബലാത്സംഗ കേസുകളുടെയും വിധി ഈ കേസിനും ബാധകമാണെന്ന നിഷ്ഠുരമായ ഒരു ഓർമപ്പെടുത്തൽ കൂടിയാണിത്.

കേസിൽ അധികൃതർ കാട്ടുന്ന അലംഭാവത്തിന് ഏറ്റവും ഉത്തമമായ ഒരു ഉദ്ദാഹരണമാണ് സോദ്പൂരിലെ യുവതിയുടെ ആളൊഴിഞ്ഞ വീട്. ഡോക്ടറുടെ വീട്ടിലേക്ക് ഇപ്പോൾ മാധ്യമസംഘമോ രാഷ്ട്രീയപ്രമുഖരോ എത്താറില്ല. കുടുംബത്തിന് സംരക്ഷണമൊരുക്കാൻ പൊലീസുകാരുടെ നീണ്ടവരിയില്ല. ആകെയുള്ളത് പേരിന് മൂന്ന് പൊലീസുകാരാണ്.

മൂന്ന് മാസം മുമ്പ് വരെ ഈ വീട്ടിലേക്ക് കടക്കണമെങ്കിൽ പൊലീസുകാർ തീർത്ത മനുഷ്യച്ചങ്ങലയും ബാരിക്കേഡുകളുമൊക്കെ കടക്കണമായിരുന്നു. എന്നാലിപ്പോൾ ആർക്കും യഥേഷ്ടം ഇവിടേക്ക് കടന്നുചെല്ലാം... പ്രതിഷേധ ബാനറുകളുമായി നിറഞ്ഞു നിന്ന തെരുവിൽ കുട്ടികൾ പഴയത് പോലെ ഓടിക്കളിക്കുന്നുണ്ട് ഇപ്പോൾ... ഡോക്ടറുടെ അച്ഛനോടും അമ്മയോടും സംസാരിക്കാം. ദേഹപരിശോധനയോ ചോദ്യങ്ങളോ ഒന്നുമില്ല. 

തയ്യൽക്കാരനാണ് കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ. മകളുടെ ദാരുണാന്ത്യത്തിൽ തകർന്ന് ജോലി ചെയ്യാനുള്ള മാനസികാവസ്ഥയിൽ നിന്ന് ഏറെ അകന്നിരുന്നു അദ്ദേഹം. എന്നാൽ കുടുംബം പുലർത്താൻ ഒരിടവേളയ്ക്ക് ശേഷം ജോലിക്ക് പോകുന്നുണ്ട് അദ്ദേഹമിപ്പോൾ. മകളുടെ മരണവും അവൾ നേരിട്ട ദുരവസ്ഥയുമൊക്കെ സർക്കാരും പ്രതിപക്ഷവും മറന്നെങ്കിലും ആ അച്ഛനത് മറക്കുമോ... മകൾക്ക് വേണ്ടി തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ഒരുക്കമാണെന്ന് പറയുമ്പോൾ നിസ്സഹായത അലയടിക്കുന്നുണ്ട് അദ്ദേഹത്തിന്റെ വാക്കുകളിൽ.

ദി വയറിന് നൽകിയ അഭിമുഖത്തിൽ മകളെ പറ്റിയും കേസിന്റെ നീക്കുപോക്കിലുള്ള അസഹിഷ്ണുതയെ പറ്റിയുമൊക്കെ പറയുകയാണ് അദ്ദേഹവും ഭാര്യയും.. കൊൽക്കത്തയിൽ വന്നിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തങ്ങളെ കാണാൻ കൂട്ടാക്കാഞ്ഞതിലെ സങ്കടവും അമർഷവുമൊക്കെ ആ ദമ്പതികൾ തുറന്നുകാട്ടി.

അവരുടെ വാക്കുകളിലൂടെ...

"അന്ന് ആർ.ജികറിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഞങ്ങളുടെ ജീവൻ തന്നെ ആയിരുന്നു. തങ്ങൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ വിട പറയുന്നതാണ് മാതാപിതാക്കളുടെ പേടിസ്വപ്നം. അപ്പോൾ അതിക്രൂരമായ മരണമാണവരുടേതെങ്കിലോ..

ഞങ്ങളുടെ മകളുടെ മരണം ഒരു പക്ഷേ സർക്കാർ മറന്നേക്കാം. പക്ഷേ ഞങ്ങളെങ്ങനെ മറക്കാനാണവളെ. കൂടെയുണ്ടാകും എന്ന് പറഞ്ഞവരൊക്കെ ഞങ്ങളെ കയ്യൊഴിഞ്ഞു. സർക്കാരിന്റെ അവഗണനയാണ് അസഹനീയം. കൊൽക്കത്തയിലുണ്ടായിരുന്നപ്പോൾ അമിത് ഷായെ കാണാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു. ഒരു ദിവസം മുഴുവൻ നഗരത്തിൽ കാത്തിരുന്നു. പക്ഷേ ഒരഞ്ച് മിനിറ്റ് പോലും ഞങ്ങൾക്കനുവദിച്ച് തന്നില്ല.

മാനുഷിക പരിഗണന പോലും ബിജെപിയുടെ സംസ്ഥാന നേതൃത്വം ഞങ്ങളോട് കാണിച്ചില്ല. കേസിൽ അന്വേഷണം ബിജെപിക്ക് കീഴിലല്ല എന്ന് നിങ്ങൾക്ക് വേണമെങ്കിൽ വാദിക്കാം. പക്ഷേ അമിത് ഷായോടും ബിജെപിയോടുമൊക്കെ കേവലം സഹായം മാത്രമാണ് ഞങ്ങൾ അഭ്യർഥിക്കുന്നത്. കേസന്വേഷിക്കുന്ന സിബിഐയോട് പോലും അതാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. തുടക്കത്തിൽ കേസിൽ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ബിജെപി ഇപ്പോൾ അതിൽ നിന്ന് പിന്മാറുന്നതെന്താണ്? അതാണ് ഏറെ വിഷമിപ്പിക്കുന്നത്.

സിബിഐയുടെ അന്വേഷണത്തെ കുറിച്ചാണെങ്കിൽ അവർക്ക് ഞങ്ങൾ എല്ലാ വിവരങ്ങളും പങ്കുവച്ചുകഴിഞ്ഞു. പൊലീസ് ആദ്യം മുതൽ ഒരു സഞ്‌ജോയ് റോയിലേക്ക് മാത്രമാണ് അന്വേഷണം കേന്ദ്രീകരിച്ചിരുന്നത്. തെളിവുകൾ നശിപ്പിക്കാൻ ശ്രമവും നടന്നു. എന്നാൽ സിബിഐ അന്വേഷണം കൂടുതൽ വിപുലമായിരുന്നു. രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. പക്ഷേ ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി അന്വേഷിച്ചിട്ടും കേസിത്ര ഇഴയുന്നുവെന്നതിൽ ആശങ്ക ഇല്ലാതില്ല. പക്ഷേ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്.

അടച്ചിട്ട മുറിയിൽ നടന്ന അതിക്രൂരമായ ഒരു കൊലപാതകമാണത്. സിബിഐയെ വിശ്വസിക്കുകയല്ലാതെ ഞങ്ങൾക്ക് വേറൊരു മാർഗവുമില്ല. പൊലീസിൽ ഞങ്ങളുടെ പ്രതീക്ഷ അസ്തമിച്ചു. സിബിഐ കേസ് ഏറ്റെടുത്തതിൽ പിന്നലെ പൊലീസോ സംസ്ഥാന സർക്കാരോ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. സുവേന്ദു അധികാരിയെയും താരിത് ബരണെയും പോലുള്ള ചില പ്രതിപക്ഷനേതാക്കൾ വിവരം തിരക്കാറുണ്ട്. ഇതേ സമീപനം തന്നെയാണ് ആശുപത്രി അധികൃതർക്കും.

മുതിർന്ന ഡോക്ടർമാരൊക്കെ പതിയെ അകലം പാലിക്കുകയാണ്. ജൂനിയർ ഡോക്ടർമാരാണ് സഹായവുമായി കൂടെയുള്ളത്. എന്ത് വന്നാലും പിന്തിരിയില്ലെന്ന അവരുടെ നിലപാടാണ് ഏക ആശ്വാസം. അവരുടെ കൂടെ പ്രതിഷേധിക്കാനാണ് ഞങ്ങളുടെ തീരുമാനം. നീതിക്കായി തെരുവിലിറങ്ങാനും ഞങ്ങൾക്ക് മടിയില്ല. ഞങ്ങൾക്കിനി ഒന്നും നഷ്ടപ്പെടാനില്ല. അന്ന് ആ ഓഗസ്റ്റ് 9ന് ഞങ്ങളിൽ നിന്ന് എല്ലാം കവർന്നെടുക്കപ്പെട്ടു. നീതി നേടിയെടുക്കുക എന്നതാണ് ഇനി ആകെയുള്ള ലക്ഷ്യം.

കേസിൽ ആദ്യം മുതലേ മറ്റുള്ള പലരുടെയും ഇടപെടൽ ഞങ്ങൾ ആരോപിക്കുന്നതാണ്. മകളോട് ചെയ്ത ക്രൂരതയെ പറ്റി ആശുപത്രിയിലുള്ളവർ അറിയാതെ പോകുന്നതെങ്ങനെ? ആരെയൊക്കെയോ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞെട്ടിക്കുന്ന നീക്കങ്ങളാണിതെല്ലാം".

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News