മയക്കുമരുന്ന് വ്യാപാരത്തിലെ ലാഭം ഭീകരവാദത്തിന് ഉപയോഗിക്കുന്നു: അമിത് ഷാ

'ലഹരിക്കടത്തിനോടും ഭീകരവാദത്തോടും കേന്ദ്ര സർക്കാർ സന്ധി ചെയ്യില്ല'

Update: 2022-12-21 10:46 GMT
Advertising

ഡല്‍ഹി: ഗൗരവമുള്ള വിഷയങ്ങളിൽ രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഹരിക്കടത്തിനോടും ഭീകരവാദത്തോടും കേന്ദ്ര സർക്കാർ സന്ധി ചെയ്യില്ല. ലഹരിക്കടത്തിലൂടെ ഭീകരവാദത്തിനും സാമ്പത്തികം ലഭിക്കുന്നുവെന്ന് അമിത് ഷാ ലോക്സഭയില്‍ പറഞ്ഞു.

"മയക്കുമരുന്ന് വിഷയത്തിൽ നമ്മുടെ സർക്കാര്‍ ഒരിക്കലും സന്ധി ചെയ്യില്ല. നമ്മുടെ രാജ്യത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾ മയക്കുമരുന്നിൽ നിന്നുള്ള ലാഭം അതിനായി ഉപയോഗിക്കുന്നു. ഈ വൃത്തികെട്ട പണത്തിന്റെ സാന്നിധ്യം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്നു" അമിത് ഷാ പറഞ്ഞു.

ലഹരി ഉപയോഗം തലമുറകളെ നശിപ്പിക്കുന്നു. മയക്കുമരുന്ന് മുക്ത ഭാരതമാണ് സർക്കാരിന്‍റെ ലക്ഷ്യം. മയക്കുമരുന്ന് വില്‍പ്പനയ്ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടപടി എടുക്കണം. മയക്കുമരുന്നുകടത്ത് സംബന്ധിച്ച് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കൊപ്പം അന്വേഷണം നടത്താൻ എന്‍.ഐ.എയ്ക്ക് പാർലമെന്‍റ് അധികാരം നൽകിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നത് ഏത് പ്രായത്തിലുളളവർ ആയാലും വെറുതെ വിടാൻ കഴിയില്ല. ഇരകൾക്ക് ലഹരി മുക്തിക്ക് ആവശ്യമായ സഹായം ഉറപ്പാക്കും. ലോക്സഭയിൽ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ.

കേരളത്തിൽ നിന്നുള്ള എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ ചർച്ചയിൽ സംസാരിച്ചു. വിദ്യാർഥികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. ലഹരിയുടെ ദൂഷ്യഫലങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ലഹരി ഉപയോഗത്തെ തുടർന്നുണ്ടാകുന്ന കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടുന്നതായി രാജ്മോഹൻ ഉണ്ണിത്താന്‍ പറഞ്ഞു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News