'നിങ്ങൾ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ജനകീയ നേതാവാണ്, താങ്കളെ ഒരിക്കലും അവർ മുഖ്യമന്ത്രിയാക്കില്ല'; സച്ചിൻ പൈലറ്റിനെ പുകഴ്ത്തി അമിത് ഷാ

അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും അധികാരത്തിനായി എത്ര പോരടിച്ചാലും അടുത്ത തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വിജയം ബി.ജെ.പിക്കായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Update: 2023-04-15 15:20 GMT
Advertising

ഭരത്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ വിമത ശബ്ദമുയർത്തുന്ന സച്ചിൻ പൈലറ്റിനെ പുകഴ്ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൈലറ്റ് താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്ന നേതാവാണെങ്കിലും കോൺഗ്രസ് ഒരിക്കലും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കില്ലെന്ന് അമിത് ഷാ പറഞ്ഞു. ഗെഹ്‌ലോട്ടിനെ വെല്ലുവിളിച്ച് പൈലറ്റ് തന്റെ ഊർജവും സമയവും നഷ്ടപ്പെടുത്തുകയാണെന്നും അദ്ദേഹത്തിന് കോൺഗ്രസിൽ ഭാവിയില്ലെന്നും അമിത് ഷാ പറഞ്ഞു. ഭരത്പൂരിൽ ബി.ജെ.പിയുടെ ബൂത്ത് ലെവൽ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''താങ്കൾ താഴേത്തട്ടിൽ കൂടുതൽ ജനകീയനായിരിക്കാം, പക്ഷെ താങ്കൾ ഒരിക്കലും മുഖ്യമന്ത്രിയാകാൻ പോകുന്നില്ല. കോൺഗ്രസ് ഒരിക്കലും നിങ്ങൾക്ക് ആ അവസരം നൽകില്ല. നിങ്ങൾ സ്വന്തം പാർട്ടിയിൽ മാറ്റിനിർത്തപ്പെടുകയും അപമാനിതനാവുകയും ചെയ്യും''-അമിത് ഷാ പറഞ്ഞു.

അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും അധികാരത്തിനായി എത്ര പോരടിച്ചാലും അടുത്ത തെരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ വിജയം ബി.ജെ.പിക്കായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയിട്ടും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തകർന്നടിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെക്കെതിരായ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം ഉപവാസ സമരം നടത്തിയത്. എക്‌സൈസ് മാഫിയ, അനധികൃത ഖനനം, ഭൂമി കയ്യേറ്റം തുടങ്ങിയവ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നിയമഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സച്ചിൻ-ഗെഹ്‌ലോട്ട് പോര് കനക്കുന്നത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സച്ചിനെതിരെ നടപടിയുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ നടപടി വേണ്ടെന്നാണ് പുതിയ തീരുമാനം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News