ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ അമൃത്പാൽ സിങ്ങിന്റെ ഭാര്യ പൊലീസ് കസ്റ്റഡിയിൽ; ചോദ്യം ചെയ്യൽ തുടരുന്നു
അമൃത്പാലിനെതിരെ അന്വേഷണം നടക്കുന്നതിനാൽ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും രാജ്യംവിടുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.
അമൃത്സർ: ലണ്ടനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഖലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിങ്ങിന്റെ ഭാര്യ കിരൺദീപ് കൗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉച്ചക്ക് 1.30-നുള്ള ഫ്‌ളൈറ്റിൽ ലണ്ടനിലേക്ക് പോകാനിരിക്കെ അമൃത്സർ എയർപോർട്ടിൽ വെച്ചാണ് കിരൺദീപിനെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
അമൃത്പാലിനെതിരെ അന്വേഷണം നടക്കുന്നതിനാൽ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും രാജ്യംവിടുന്നതിന് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് കിരൺദീപ് വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്. ബ്രിട്ടീഷ് പൗരയായ കിരൺദീപിന് ബ്രിട്ടീഷ് പാസ്‌പോർട്ടുമുണ്ട്. അവർക്കെതിരെ രാജ്യത്ത് എവിടെയും ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പഞ്ചാബ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
അമൃത്പാലിന്റെ നേതൃത്വത്തിലുള്ള സംഘടനയുമായി കിരൺദീപിന് ബന്ധമില്ലെന്നാണ് പൊലീസ് നിഗമനം. ഒളിവിലുള്ള പ്രതിയുടെ അടുത്ത ബന്ധുക്കളെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുക എന്ന നടപടിയുടെ ഭാഗമായി മാത്രമാണ് കിരൺദീപിനെ കസ്റ്റഡിയിലെത്തതെന്ന് പൊലീസ് പറഞ്ഞു.
അമൃത്പാൽ സിങ്ങിന്റെ വിദേശ ഫണ്ടിങ് സംബന്ധിച്ച് മാർച്ചിൽ കിരൺദീപിനെ ചോദ്യം ചെയ്തിരുന്നു. യു.കെ സ്വദേശിയായ കിരൺദീപിനെ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അമൃത്പാൽ സിങ് വിവാഹം ചെയ്തത്.