അറസ്റ്റു ചെയ്യുമെന്നായപ്പോൾ താക്കറെ പൂച്ചയെ പോലെയായി, എന്നിട്ടും ഗവൺമെന്റ് അനങ്ങിയില്ല: അനിതാ പ്രതാപ്

"റഫീക്ക് എന്തു നല്ല മനുഷ്യനാ എന്നറിയാവോ എന്നാണ് താക്കറെ അന്നേരം പറഞ്ഞത്"

Update: 2024-03-17 08:54 GMT
Editor : abs | By : Web Desk

മുംബൈ: ശിവസേനാ തലവൻ ബാൽ താക്കറെയുടെ മുസ്‌ലിം വിദ്വേഷം ഓർത്തെടുത്ത് വിഖ്യാത എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ അനിതാ പ്രതാപ്. 1992ലെ ബോംബെ കലാപകാലത്ത് താക്കറെയെ ഇന്റർവ്യൂ ചെയ്തപ്പോഴുള്ള അനുഭവങ്ങളാണ് അവർ പങ്കുവച്ചത്. മുസ്‌ലിംകൾക്കെതിരെ വെറുപ്പുണ്ടാക്കിയത് രാഷ്ട്രീയലാഭത്തിന് വേണ്ടി ആയിരുന്നെന്നും അവർ പറഞ്ഞു. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് അനിതയുടെ തുറന്നുപറച്ചിൽ. ആറു മാസം മുമ്പ് പ്രസിദ്ധീകരിച്ചതാണ് ഇന്റർവ്യൂ.

താക്കറെയുടെ അഭിമുഖം ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം തന്റെ മതം ചോദിക്കുകയാണ് ആദ്യം ചെയ്തതെന്ന് അനിത പറയുന്നു. മുടിവെട്ടാനായി റഫീഖ് എന്ന മുസ്‌ലിം ബാർബറുടെ സേവനം ഉപയോഗിച്ച വേളയിൽ തന്നെയാണ് അദ്ദേഹം അപരദ്വേഷം വമിക്കുന്ന പ്രസ്താവനകൾ നടത്തിയത് എന്നും അവർ കൂട്ടിച്ചേർത്തു.

Advertising
Advertising

'ഇന്റർവ്യൂ തുടങ്ങുന്ന നേരം അദ്ദേഹം നിങ്ങൾ ഹിന്ദുവാണോ മുസ്‌ലിമാണോ എന്ന് അയാൾ ചോദിച്ചു. എന്തു കൊണ്ടാണ് അങ്ങനെ ചോദിക്കുന്നത്. ഞാൻ ഹിന്ദുവുമല്ല, മുസ്‌ലിമുമല്ല, അത് പ്രസക്തവുമല്ല എന്ന് ഞാൻ പറഞ്ഞു. അതറിയണമെന്ന് അയാൾ നിർബന്ധം പിടിച്ചു. അല്ലെങ്കിൽ ഇന്റർവ്യൂ തരില്ലെന്നും പറഞ്ഞു. അവസാനം ഞാൻ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു. അങ്ങനെ ഇന്റർവ്യൂ തുടങ്ങി. അതിൽ ഇയാൾ മുസ്‌ലിംകൾക്കെതിരെ പറയുന്ന കാര്യങ്ങൾ കേട്ട് അതിശയം വന്നു. ജയിലിൽ പോകേണ്ട ഭാഷയാണ് ഇയാൾ ഉപയോഗിക്കുന്നത്. ലോജിക്കില്ലാതെ വലിയ തെറിയാണ് പറഞ്ഞത്. ഞാൻ കുറേ തർക്കിച്ചു.' - അവർ പറഞ്ഞു.

മുസ്‌ലിം ബാർബറുടെ കഥ അനിത പറയുന്നതിങ്ങനെ; 'ഇന്റർവ്യൂവിന് ശേഷമാണ് ചായ കുടിച്ചത്. അയാൾ മറൂൺ സിൽക്ക് കുർത്തയൊക്കെ ഇട്ട്, തലമുടിയൊക്കെ കറുത്താണിരിക്കുന്നത്. അന്നുതന്നെ അയാൾക്ക് എഴുപത് വയസ്സിൽ കൂടുതലുണ്ട്. തലമുടിയൊക്കെ നന്നായി ഡൈ ചെയ്തിട്ടുണ്ട്. ഡൈ ഒക്കെ ചെയ്യുമല്ലേ എന്ന് ഞാൻ ചോദിച്ചു. ആ നേരം, എനിക്ക് നല്ലൊരു ബാർബറുണ്ട്. റഫീഖ് എന്നാണ് പേര്. നല്ല ഒന്നാന്തരം ടെക്‌നിക്‌സുള്ള മിടുക്കനാണ്. അപ്പോൾ ഞാൻ ചോദിച്ചു. നിങ്ങൾ മുസ്‌ലിംകൾക്കെതിരെ പറയുന്നു. എന്നിട്ട് നിങ്ങളുടെ തല അയാളുടെ കൈയിലിരിക്കുന്നു. പേടിയില്ലേ ഇതൊക്കെ പറയാൻ. എന്തു നല്ല മനുഷ്യനാ എന്നറിയാവോ എന്നാണ് അയാൾ അന്നേരം പറഞ്ഞത്. പിന്നെ എന്തിനാണ് മുസ്‌ലിംകളെ ചീത്ത വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ദാറ്റ് ഈസ് പൊളിറ്റിക്‌സ് (അതാണ് രാഷ്ട്രീയം) എന്നാണ് അയാൾ പറഞ്ഞത്. വോട്ടുകിട്ടാനായി ഹിന്ദുക്കളെ ഇളക്കിവിടാൻ മാത്രമാണ് അയാൾ ആ സ്ട്രാറ്റജി സ്വീകരിച്ചത്.'

ബോംബെ കലാപ ശേഷം താക്കറെയുമായി സംസാരിച്ച ശേഷം പ്രസിദ്ധപ്പെടുത്തിയ ഇന്റർവ്യൂ വലിയ കോളിളക്കുണ്ടാക്കിയെന്നും അനിത പറഞ്ഞു. എന്നാൽ സർക്കാർ അനങ്ങിയില്ലെന്നും അവർ കുറ്റപ്പെടുത്തി.

'ജനുവരി ആറാം തിയ്യതി ബോംബെയിൽ കലാപം ആരംഭിച്ചു. ഉടനെ ഡൽഹിയിൽ നിന്ന് വിമാനം പിടിച്ച് ബോംബെയിലെത്തി. ജോഗേശ്വരി, മുഹമ്മദലി റോഡ് തുടങ്ങി മുസ്‌ലിംകളുടെ പ്രദേശങ്ങളെല്ലാം അവർ കത്തിച്ചു. അതിൽ എത്ര പേരാണ് വെന്തു പോയിട്ടുള്ളത്. മുസ്‌ലിം കടകളെ ടാർഗറ്റ് ചെയ്താണ് തീയിട്ടത്. പൊലീസ് അതു നോക്കി നിന്നു. റിപ്പോർട്ട് എടുത്ത് കഴിഞ്ഞ് ഞാൻ ബാൽ താക്കറെയുടെ വീട്ടിലെത്തി. മുസ്‌ലിംകൾ ഇതർഹിക്കുന്നു, അവർ പാകിസ്താനികളാണ്, അവരെ ചവിട്ടി തൊഴിച്ച് പുറത്താക്കണം എന്നെല്ലാം അയാൾ പറഞ്ഞു. കിക്ക് ഔട്ട് മുസ്‌ലിംസ് എന്ന തലക്കെട്ടോടെയാണ് അഭിമുഖം ടൈം മാഗസിനിൽ ഇന്റർവ്യൂ വന്നത്. അത് പാർലമെന്റിൽ അടക്കം വലിയ ഒച്ചപ്പാടുകൾക്ക് വഴി വച്ചു. അന്ന് എസ്ബി ചവാൻ ആയിരുന്നു അവിടത്തെ ആഭ്യന്തര മന്ത്രി. ബാൽ താക്കറെയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ ബഹളമുണ്ടായി. താക്കറെയെ അറസ്റ്റു ചെയ്യാനുള്ള കാരണങ്ങളുണ്ടെന്ന് എസ്ബി ചവാൻ പ്രഖ്യാപിച്ചു. അപ്പോഴത്തേക്കും താക്കറെയുടെ മട്ടുമാറി. അയാൾ പൂച്ച പോലെയായി. ഞാൻ അങ്ങനെ പറഞ്ഞില്ല. അനിതാ പ്രതാപ് ചുമ്മാ ഉണ്ടാക്കി പറയുന്നതാണ് എന്ന് താക്കറെ പറഞ്ഞു. എന്റെ കൈയിൽ ടേപ്പുണ്ട് അത് വേണമെങ്കിൽ തരാമെന്ന് പറഞ്ഞ് ഞാൻ വാർത്താ സമ്മേളനം വിളിച്ചു പറഞ്ഞു. എസ്ബി ചവാൻ ചോദിക്കുമ്പോൾ നൽകാൻ തയ്യാറാണെന്നും അറിയിച്ചു. എന്നാൽ എസ്ബി ചവാൻ അനങ്ങിയില്ല. അവരൊന്നും ചെയ്തതുമില്ല.' - അനിത കൂട്ടിച്ചേർത്തു.  


Full View


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News