ഞങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടു നോക്കൂ, തിരിച്ചടി കിട്ടും; സ്റ്റാലിന് മറുപടിയുമായി അണ്ണാമലൈ
കനിമൊഴി അറസ്റ്റിലാകുമ്പോഴും മുഖ്യമന്ത്രി ഇത്രയും ദേഷ്യപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല
ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ തമിഴ്‌നാട്ടില്‍ രാഷ്ട്രീയപ്പോര് മുറുകുകയാണ്. നടപടി രാഷ്ട്രീയ പകപോക്കലാണെന്നും ഡിഎംകെയെ പ്രകോപിപ്പിക്കരുതെന്നും ബിജെപിക്ക് മുന്നറിയിപ്പ് നല്‍കുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു മറുപടി നല്‍കിയിരിക്കുകയാണ് തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ. ബി.ജെ.പി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സ്റ്റാലിന്‍ തന്‍റെ പരിധി ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.ശിവഗംഗയിലെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അണ്ണാമലൈ.
''കനിമൊഴി അറസ്റ്റിലാകുമ്പോഴും മുഖ്യമന്ത്രി ഇത്രയും ദേഷ്യപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല. പൊതുജനങ്ങൾ പറയുന്നത് പോലെ സെന്തിൽ ബാലാജി ഡി.എം.കെയുടെ ട്രഷററാണെന്ന് മാത്രമാണ് ഇത് കാണിക്കുന്നത്. വീഡിയോ പ്രസ്താവനയിൽ മുഖ്യമന്ത്രി സ്റ്റാലിൻ തന്‍റെ പരിധി ലംഘിച്ചിരിക്കുന്നു'' അണ്ണാമലൈ കുറ്റപ്പെടുത്തി. 'ഞാന്‍ മുഖ്യമന്ത്രിയെ തിരികെ വെല്ലുവിളിക്കുന്നു.ഞങ്ങളുടെ പ്രവര്‍ത്തകരെ തൊട്ടു കാണിക്കൂ.ഇത്തരം ഭീഷണികളെ നമ്മള്‍ ഭയപ്പെടുന്നു എന്ന് കരുതരുത്, നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ നിങ്ങള്‍ക്ക് അതേ മറുപടി ലഭിക്കും.', അണ്ണാമലൈ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥലങ്ങളിൽ ഏജൻസികളെ ഉപയോഗിക്കലാണ് ബി.ജെ.പിയുടെ രീതിയെന്നാണ് സ്റ്റാലിന്‍ പറഞ്ഞത്. അണ്ണാ ഡി.എം.കെയെപ്പോലെ തങ്ങള്‍ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. ഡി.എം.കെ അങ്ങനെയൊരു കക്ഷിയല്ലെന്ന് ഓർത്തോളൂ. അടിച്ച പന്ത് തിരികെ വന്ന് നെറ്റിയിൽ കൊള്ളും. താൻ തിരിച്ചടിച്ചാൽ താങ്ങാനാവില്ലെന്ന് കലൈഞ്ജർ പറഞ്ഞിട്ടുണ്ട്, അത് ഓർമ്മിപ്പിക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.