'മുസ്‍ലിംകൾ ഈ രാജ്യത്തെ പൗരൻമാരല്ലേ? അവർ ഈ സമൂഹത്തിന്‍റെ ഭാഗമല്ലേ?'ബിജെപിക്കെതിരെ കര്‍ണാടക എംഎൽഎ റിസ്വാൻ അര്‍ഷദ്

4.10 ലക്ഷം കോടി രൂപയുടെ ബജറ്റിൽ 4,100 കോടി രൂപ ന്യൂനപക്ഷങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്

Update: 2025-03-21 07:20 GMT
Editor : Jaisy Thomas | By : Web Desk
Rizwan Arshad
AddThis Website Tools
Advertising

ബെംഗളൂരു: കര്‍ണാടക ബജറ്റിനെതിരായ ബിജെപിയുടെ ആരോപണങ്ങളെ ചോദ്യം ചെയ്ത് കോൺഗ്രസ് എംഎൽഎ റിസ്വാൻ അര്‍ഷദ് രംഗത്ത്. "മുസ്‍ലിംകൾ ഈ രാജ്യത്തെ പൗരന്മാരല്ലേ? അവർ ഈ സമൂഹത്തിന്‍റെ ഭാഗമല്ലേ? ഇല്ലെങ്കിൽ, നമ്മൾ മൃഗങ്ങളാണെന്നും ഈ സമൂഹത്തിൽ ജീവിക്കാൻ യോഗ്യരല്ലെന്നും പ്രഖ്യാപിക്കട്ടെ," പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ബജറ്റ് ചർച്ചയിൽ പങ്കെടുത്ത അർഷാദ്, പ്രതിപക്ഷ നേതാവ് ആർ. അശോക ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിനെ 'മുസ്‍ലിം ബജറ്റ്', 'പ്രീണന ബജറ്റ്', 'ഹലാൽ ബജറ്റ്' എന്നിങ്ങനെ വിശേഷിപ്പിച്ചതായി ചൂണ്ടിക്കാട്ടി. "പക്ഷേ പറയൂ, ഈ രാജ്യത്തും സംസ്ഥാനത്തും ഏത് മുസ്‍ലിംകളാണ് നികുതി അടയ്ക്കാത്തത്? നമ്മുടെ നികുതി പണം ട്രഷറിയിലേക്ക് പോകുന്നില്ലേ? ആ നികുതിയിൽ നമ്മുടെ പങ്ക് ആവശ്യപ്പെടാൻ ഞങ്ങൾക്ക് അവകാശമില്ലേ?  ഈ സമൂഹത്തിൽ ജീവിക്കാൻ അവകാശമില്ലേ? 4.10 ലക്ഷം കോടി രൂപയുടെ ബജറ്റിൽ 4,100 കോടി രൂപ ന്യൂനപക്ഷങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്, അത് മുസ്‍ലിംകൾക്ക് മാത്രമല്ല," അർഷാദ് പറഞ്ഞു.

"ഞങ്ങൾ മറ്റെവിടെ നിന്നും വന്നവരല്ല'' വര്‍ഗീയ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് അര്‍ഷദ് കൂട്ടിച്ചേര്‍ത്തു. '' ആദ്യം ഒന്ന് മനസ്സിലാക്കുക, ഞങ്ങൾ നിങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങൾ ഈ രാജ്യത്തെ ജനങ്ങളാണ്, ഈ മണ്ണിന്റെ മക്കളാണ്. നമ്മളിൽ പലരും ചരിത്രത്തിൽ എപ്പോഴെങ്കിലും പിന്നാക്ക വിഭാഗങ്ങളിൽ നിന്നോ ദലിതരിൽ നിന്നോ മതം മാറിയിട്ടുണ്ടാകാം. എന്നിട്ടും, ഞങ്ങളോട് ഒരു സഹതാപവുമില്ല," അദ്ദേഹം പറഞ്ഞു.

"നിങ്ങളാണ് കല്ലെറിയുന്നത്. നിങ്ങളാണ് യുദ്ധം ചെയ്യുന്നത്. നിങ്ങളാണ് ഹിന്ദുക്കളെ പാകിസ്താനിൽ നിന്ന് പുറത്താക്കിയത്" ഇതിനിടയിൽ ഇടപെട്ട ബിജെപി നേതാവ് ബസനഗൗഡ പാട്ടീൽ യത്നാൽ ആരോപിച്ചു. അദ്ദേഹത്തിന്‍റെ പരാമര്‍ശം സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ ചൂടേറിയ വാഗ്വാദത്തിന് കാരണമായി.മുസ്‍ലിം യുവാക്കൾ ഒരു കൈയിൽ ഖുര്‍ആനും മറുകൈയിൽ കമ്പ്യൂട്ടറും പിടിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെ പിന്നീട് റിസ്വാൻ അർഷാദ് പരാമർശിച്ചു. "മോദിയുടെ ദർശനത്തിന് വിരുദ്ധമായി, ബിജെപി നേതാക്കൾ സിദ്ധരാമയ്യയുടെ ബജറ്റിനെ വിമർശിച്ചു," അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ജനസംഖ്യയുടെ 16% ന്യൂനപക്ഷങ്ങളാണെന്ന് എടുത്തുകാണിച്ച അർഷാദ്, അവരുടെ ക്ഷേമത്തിനായുള്ള സർക്കാർ പിന്തുണയോടുള്ള ബിജെപിയുടെ എതിർപ്പിനെ ചോദ്യം ചെയ്തു."ഈ സമുദായങ്ങളുടെ വികസനത്തിനായി സർക്കാർ ഫണ്ട് നൽകിയാൽ എന്താണ് തെറ്റ്? ബിജെപി നേതാക്കൾ അനാവശ്യ വിമർശനങ്ങൾ നടത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്," അര്‍ഷദ് ചൂണ്ടിക്കാട്ടി. ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിലൂടെ ബിജെപി നേതാക്കൾ സമൂഹത്തിൽ വെറുപ്പിന്‍റെ വിത്തുകൾ വിതയ്ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "ഇത്തരം വാചാടോപങ്ങൾ കാരണം കർണാടകയുടെ പ്രശസ്തിക്ക് എന്ത് സംഭവിക്കും? അന്താരാഷ്ട്ര തലത്തിൽ എന്ത് സന്ദേശമാണ് ഇത് നൽകുന്നത്? നമ്മൾ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടതല്ലേ?" അര്‍ഷദ് ചോദിച്ചു.ന്യൂനപക്ഷങ്ങൾക്കുള്ള നിലവിലെ ബജറ്റ് വിഹിതം അപര്യാപ്തമാണെന്ന് വാദിച്ച അർഷാദ്, സമുദായത്തിന്‍റെ ക്ഷേമത്തിനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News