ലഡാക്ക് അതിർത്തിയിൽ മഞ്ഞുമൂടി സൈനികരുടെ മൃതദേഹങ്ങൾ, മാസങ്ങൾക്ക് ശേഷം 18,300 അടി ഉയരത്തിൽ നിന്ന് കണ്ടെത്തി ഇന്ത്യൻ ആർമി

2023ൽ പർവതാരോഹണത്തിനിടെ ലഡാക്കിലെ മഞ്ഞുമൂടിയ പർവതനിരകളിൽ കാണാതായ മൂന്ന് സൈനികരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്

Update: 2024-07-10 11:09 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി:ലഡാക്ക് അതിര്‍ത്തിയിലെ മഞ്ഞുമലകൾക്ക് മുകളിൽ കാണാതായ സൈനികരുടെ മൃതദേഹങ്ങൾ ഇന്ത്യൻ സൈന്യം കണ്ടെത്തി. ആർമിയുടെ ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ സ്കൂളിലെ (എച്ച്എഡബ്ല്യുഎസ്) പർവതാരോഹകരാണ് മൂന്ന് ഹവിൽദാർ ഇൻസ്ട്രക്ടർമാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. 

2023 ഒക്‌ടോബർ 1-ന്, ലഡാക്കിലെ മൗണ്ട് കുനിലേക്ക് പോയ 38 അംഗ പർവതാരോഹണ പര്യവേഷണസംഘത്തിലെ അംഗങ്ങളാണ് വീരമൃത്യു വരിച്ചത്. ഒക്‌ടോബർ 13-ഓടെ സൈനികസംഘം പർവതത്തിന് മുകളിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഹിമാലയത്തിലെ കഠിനമായ കാലാവസ്ഥ തിരിച്ചടിയായി. ഒക്ടോബർ 8 ന് 18,300 അടിയിലധികം ഉയരത്തിൽ അതികഠിനമായ ഹിമപാതമാണ് സൈനികരെ ബാധിച്ചത്.

ഫരിയാബാദ് ഹിമാനിയിലെ ക്യാമ്പ് 2 നും ക്യാമ്പ് 3 നും ഇടയിലുള്ള ഒരു മഞ്ഞു ഭിത്തിയിൽ കയറുകൾ ഉറപ്പിക്കവേ മഞ്ഞിടിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു. നാല് സൈനികർ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു. മറ്റുസൈനികർ ഇവർക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് 2024 ജൂൺ 18-ന് ആർമിയുടെ ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ ഹവിൽദാർ രോഹിത്, ഹവിൽദാർ ഠാക്കൂർ ബഹാദൂർ ആലെ, നായിക് ഗൗതം രാജ്ബൻഷി എന്നിവർക്കായി ദൗത്യം ആരംഭിച്ചത്. 

ഓപ്പറേഷൻ ആർടിജി എന്ന രഹസ്യനാമത്തിലായിരുന്നു ദൗത്യം. ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികരുടെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് ദൗത്യത്തിന് നാമകരണം ചെയ്തത്. ബേസ് ക്യാമ്പിൽ നിലയുറപ്പിച്ച മേജർ ജനറൽ ബ്രൂസ് ഫെർണാണ്ടസിൻ്റെ മേൽനോട്ടത്തിൽ വിദഗ്ധരായ 88 പർവതാരോഹകർ ഉൾപ്പെട്ടതായിരുന്നു ഈ ദൗത്യം. എച്ച്എഡബ്ല്യുഎസ് ഡെപ്യൂട്ടി കമാൻഡൻ്റ് ബ്രിഗേഡിയർ എസ്എസ് ഷെഖാവത്താണ് നേതൃത്വം നൽകിയത്. 

2024 ജൂലൈ 4 ന്, ഹവിൽദാർ രോഹിത് കുമാറിൻ്റെ മൃതദേഹം ഏകദേശം 30 അടി താഴ്ചയിലുള്ള ഒരു വിള്ളലിലാണ് കണ്ടെത്തിയത്. ഹവിൽദാർ താക്കൂർ ബഹാദൂർ ആലെയുടെ മൃതദേഹാവശിഷ്ടങ്ങൾ മഞ്ഞിൽ നിന്ന് 10 അടി താഴ്ചയിൽ നിന്നും ജൂലൈ 7 ന് കണ്ടെടുത്തു. ഒടുവിൽ നായിക് ഗൗതം രാജ്ബൻഷിയുടെ മൃതദേഹവും കണ്ടെത്തി. പൂർണ്ണ സൈനിക ബഹുമതികളോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയെന്നും സൈന്യം അറിയിച്ചു. ഒരു മാസത്തോളം നീണ്ട ദൗത്യത്തിനൊടുവിലാണ് ഹിമാലയ മലനിരകളിൽ 18300 അടി ഉയരത്തിലുള്ള മഞ്ഞുമലയ്ക്ക് മുകളിൽ നിന്ന് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News