ക്രൂശിക്കപ്പെടുന്നത് ഞാനറിയാത്ത കാര്യത്തില്‍; കത്ത് വിവാദത്തിൽ രാജി ആവശ്യം തള്ളി ആര്യ രാജേന്ദ്രൻ
ജെബി മേത്തർ എംപി വ്യക്തിപരമായി അധിക്ഷേപിച്ചതിൽ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു
തിരുവനന്തപുരം: കത്ത് വിവാദത്തിന്‍റെ പേരിൽ രാജിവയ്ക്കില്ലെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. ഏതന്വേഷണത്തെയും നേരിടാൻ തയ്യാറാണ്. ജനപിന്തുണയില്ലാത്ത സമരമാണ് പ്രതിപക്ഷം നടത്തുന്നത്. ജെബി മേത്തർ എംപി വ്യക്തിപരമായി അധിക്ഷേപിച്ചതിൽ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞു.
തനിക്ക് പറയാനുള്ളത് ക്രൈംബ്രാഞ്ച് ചോദിച്ചിരുന്നു. നഗരസഭ ജീവനക്കാരും അവര്‍ക്ക് പറയാനുള്ളത് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതി മേയര്‍ക്ക് നോട്ടീസ് അയച്ചു എന്നു പറയുന്നുണ്ട്. പക്ഷെ നോട്ടീസ് ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതിലെ വിഷയങ്ങള്‍ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ എന്നൊക്കെയാണ് കോടതി ചോദിച്ചിട്ടുള്ളത്. അതൊക്കെ അന്വേഷണവുമായി ബന്ധപ്പെട്ട്, പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ശേഷം പറയാന്‍ കഴിയുന്ന കാര്യങ്ങളാണ്. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.
ഒന്നുമറിയാതെ പരാതി കൊടുത്ത് വെറുതെ ഇരിക്കാനല്ല പരാതി നല്‍കിയത്. അന്വേഷണത്തിന്‍റെ ഭാഗമായി താന്‍ പൂര്‍ണമായും സഹകരിക്കും. തന്‍റെ ഓഫീസോ ഉപകരണങ്ങളോ അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധനയ്ക്ക് ആവശ്യപ്പെട്ടാല്‍, അതിനോട് സഹകരിക്കേണ്ടി വരുമെന്ന ധാരണയോടെ തന്നെയാണ് പരാതി നല്‍കിയത്. പരാതി വെറുതെ കിടന്നോട്ടെ എന്ന ധാരണ തനിക്കില്ല. അന്വേഷണത്തിന്‍റെ ഭാഗമായി എല്ലാ കാര്യങ്ങളും പരിശോധിക്കണം. അന്വേഷണത്തിന്‍റെ ഭാഗമായി മേയറുടെയോ നഗരസഭയുടേയോ ഓഫീസോ ഫോണുകളോ എന്തും പരിശോധിക്കാം. ഏതു നടപടിയെയും സ്വീകരിക്കും. മേയറുടെ ഭാഗം കേള്‍ക്കണമെന്ന് കോടതി പറഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മേയര്‍ പറഞ്ഞു.
അതേസമയം മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചു. ഒബിസി മോർച്ച നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരത്തിന് ഐക്യദാർഢ്യവുമായി പ്രകാശ് ജാവദേക്കറും കോർപ്പറേഷന് മുന്നിൽ എത്തി.