മുംബൈ ലഹരിക്കേസ്; ആര്യൻ ഖാനെ കുടുക്കിയതാണെന്ന് എന്‍.സി.ബി റിപ്പോർട്ട്
എട്ട് എൻ.സി.ബി ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ക്രമക്കേട് കാട്ടിയതായും റിപ്പോർട്ടിലുണ്ട്
മുംബൈ: മുംബൈയിലെ ലഹരിക്കേസിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ കുടുക്കിയതാണെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ വിജിലൻസ് റിപ്പോർട്ട്. എട്ട് എൻ.സി.ബി ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ക്രമക്കേട് കാട്ടിയതായും റിപ്പോർട്ടിലുണ്ട്. വിജിലൻസ് വിഭാഗം ഇന്നലെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കോർഡേലിയ ക്രൂയിസ് മയക്കമരുന്ന് കേസിൽ ഷാരൂഖ് ഖാന്‍ മകൻ ആര്യൻ ഖാനെ മനഃപൂര്‍വം ലക്ഷ്യമിട്ടതാണെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ വിജിലൻസ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന മുംബൈ എൻ.സി.ബി അന്വേഷണത്തിൽ എട്ട് ഉദ്യോഗസ്ഥരുടെ പ്രവർത്തനം സംശയകരമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. മയക്കുമരുന്ന് കേസന്വേഷണം ശരിയായ രീതിയിൽ അല്ലായിരുന്നുവെന്നും ആര്യൻ ഖാനെ മനഃപൂർവം ലക്ഷ്യമിടുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
2021 ഒക്ടോബർ രണ്ടിനാണ് ആര്യൻ ഖാനടക്കം 20 പേരെ ഗോവിയലേക്ക് പോവുകയായിരുന്ന കപ്പൽ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനോ കൈവശം വച്ചതിനോ തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എൻ.സി.ബി പിന്നീട് ആര്യൻ ഖാനും മറ്റ് അഞ്ച് പേർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് വിജിലൻസ് അന്വേഷണം നടന്നത്. റിപ്പോർട്ട് ഡൽഹി ഹെഡ്ക്വാർട്ടേഴ്സിലേക്ക് അയച്ചിട്ടുണ്ട്.