അശോക് ഗെഹ്‌ലോട്ട് നാളെ കൊച്ചിയിൽ; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അശോക് ഗെഹ്‌ലോട്ട് സമ്മതമറിയിച്ചിരുന്നു

Update: 2022-09-21 11:28 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നാളെ കൊച്ചിയിലെത്തും. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അദ്ദേഹം മഹാരാഷ്ട്രയിലേക്ക് തിരിക്കുമെന്നാണ് വിവരം. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇരുവരുടെയും കൂടിക്കാഴ്ച.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സമ്മതമറിയിച്ചിരുന്നു. പാർട്ടി അധ്യക്ഷനാകാൻ തന്നെ ആവശ്യമെന്ന് പാർട്ടി പ്രവർത്തകർ ചിന്തിച്ചാൽ അതിന് തയാറെന്ന് ഗെഹലോട്ട് പറഞ്ഞു. 'രാഹുൽഗാന്ധി അധ്യക്ഷനാകണമെന്ന് വീണ്ടും അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെടുകയാണ്. അധ്യക്ഷനായിക്കൊണ്ട് രാഹുൽ ഭാരത് ജോഡോ യാത്ര നയിച്ചാൽ അത് പാർട്ടിയുടെ പ്രഭാവം വർധിപ്പിക്കും''- ഗെഹ്‌ലോട്ട് പറഞ്ഞു. ജനാധിപത്യ പ്രക്രിയ എല്ലാവരും അംഗീകരിക്കണം. കോൺഗ്രസ് ശക്തമാകണമെന്നും അശോക് ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

കോൺഗ്രസ് അധ്യക്ഷനാകണമെന്ന് സോണിയ ഗാന്ധി നേരത്തെ ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ അധ്യക്ഷനാവട്ടെ എന്ന നിലപാടാണ് ഗെഹ്‌ലോട്ട് സ്വീകരിച്ചിരുന്നത്. താൻ അധ്യക്ഷനാവുകയാണെങ്കിൽ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം പാർട്ടിക്കുള്ളിലെ എതിരാളിയായ സചിൻ പൈലറ്റിന് നൽകരുതെന്ന നിബന്ധന അശോക് ഗെഹ്ലോട്ട് സോണിയക്ക് മുമ്പിൽ വെച്ചതായാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇതോടെ അധ്യക്ഷസ്ഥാനത്തേക്ക് ശശിതരൂർ -അശോക് ഗെഹലോട്ട് മത്സരം നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മത്സരിക്കുമെന്ന റിപ്പോർട്ടുകൾ തരൂർ തള്ളിയിട്ടില്ല. സെപ്റ്റംബർ 30 വരെയാണ് നാമനിർദേശ പത്രികകൾ നൽകാവുന്നത്. ഒന്നിലേറെ സ്ഥാനാർഥികൾ രംഗത്തുണ്ടായാൽ ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ്. 19ന് പുതിയ അധ്യക്ഷനാരെന്ന പ്രഖ്യാപനം വരും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News