പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം; പൊലീസുകാരന് 20 വർഷം കഠിനതടവ്

പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവ് അനുഭവിക്കണം.

Update: 2024-06-19 15:50 GMT
Advertising

ഗുവാഹത്തി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത കേസിൽ പൊലീസ് കോൺസ്റ്റബിളിന് 20 വർഷം കഠിനതടവ്. അസം കൊക്രാജാർ ജില്ലയിലെ കോൺ​സ്റ്റബിൾ ബൻജിത് ദാസിനെയാണ് സ്പെഷ്യൽ കോടതി ജഡ്ജ് ജെ. കോച്ച് ശിക്ഷിച്ചത്.

പോക്സോ വകുപ്പ് 6 പ്രകാരം ബൻജിത് ദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നടപടി. 20 വർഷം തടവിനൊപ്പം 10,000 രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു.

പിഴയടച്ചില്ലെങ്കിൽ രണ്ട് മാസം അധികതടവ് അനുഭവിക്കണം. കൂടാതെ, ഐപിസി സെക്ഷൻ 363 പ്രകാരം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലും ദാസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഈ കേസിൽ 2,000 രൂപ പിഴയും മൂന്ന് വർഷത്തെ തടവും ശിക്ഷ വിധിച്ചു.

പിഴയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഒരു മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. രണ്ട് ശിക്ഷകളും പ്രതി ഒന്നിച്ചനുഭവിച്ചാൽ മതി.

2019 ഒക്ടോബർ 10നാണ്, അമ്മാവന്റെ വീട്ടിലേക്ക് പോയ തന്റെ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ പിതാവ് ബോ​ഗ്രിബാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ‌, ദാസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് കണ്ടെത്തി.

വിവാഹം കഴിക്കാനാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും തുടർന്ന് അജ്ഞാതസ്ഥലത്ത് പാർപ്പിച്ച ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News