അസം സർക്കാറും മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാർ -രാഹുൽ ഗാന്ധി
ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പര്യടനം തുടരുന്നു, കേസെടുത്ത് സർക്കാർ
ഗുവാഹത്തി: അസം സർക്കാറും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്ര അസമിൽ പ്രവേശിച്ചതിന്റെ ആദ്യദിനത്തിൽ ശിവസാഗർ ജില്ലയിലെ ഹാലോട്ടിങ്ങിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിലാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാം. യാത്രയിൽ അസമിലെ പ്രശ്നങ്ങൾ ഞങ്ങൾ ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഗോത്രവർഗക്കാർക്കും തേയിലത്തൊഴിലാളികൾക്കും അസമിലെ മറ്റു തദ്ദേശീയ സമൂഹങ്ങൾക്കുമെതിരെ ബി.ജെ.പി നേതൃത്വത്തിലുള്ള സർക്കാർ നിരവധി അനീതികളാണ് നടത്തുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ മുഴുവൻ കുടുംബവും അഴിമതിയിൽ പങ്കാളിയാണെന്ന് ജോർഹട്ട് ടൗണിൽ നടന്ന പരിപാടിയിൽ രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹവും മക്കളും ഭാര്യയുമെല്ലാം അഴിമതികളിൽ ഏർപ്പെട്ടിരിക്കുന്നു. അസമിലെ ജനങ്ങളെ പണം കൊടുത്ത് വാങ്ങാൻ കഴിയുമെന്നാണ് അദ്ദേഹം കരുതുന്നത്. എന്നാൽ, അവരെ വിലക്കെടുക്കാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി.
അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രക്കിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അസം സർക്കാർ കേസെടുത്തിട്ടുണ്ട്. യാത്രക്കിടെ സംസ്ഥാന സർക്കാറിന്റെ നിർദേശങ്ങൾ ലംഘിച്ചതിനാണ് കേസെടുത്തത്. നിശ്ചയിച്ച റൂട്ടിൽനിന്ന് മാറി യാത്ര സഞ്ചരിച്ചെന്നാണ് പൊലീസ് പറയുന്നത്.
യാത്രക്ക് അനാവശ്യ തടസ്സമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് അസം പൊലീസ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ദേബാബാർത്ര സെയ്ക പറഞ്ഞു. അസമിലെ യാത്രയുടെ വിജയം കണ്ട് ഭയന്ന ഹിമന്ത ബിശ്വ ശർമ്മ കേസെടുത്ത് ഇതിനെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 25 വരെ ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ പ്രയാണം തുടരും.