രഞ്ജിത് സിങ് വധം; ഗുർമീത് റാം റഹീം കുറ്റവിമുക്തൻ
പഞ്ചാബ് ഹരിയാന ഹൈകോടതിയുടേതാണ് നടപടി
ചണ്ഡീഗഡ്: രഞ്ജിത് സിങ് വധക്കേസിൽ വിവാദ ആൾദൈവവും ദേരാ സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹീം സിങിനെ വെറുതേ വിട്ട് പഞ്ചാബ് ഹരിയാന ഹൈകോടതി. ജസ്റ്റിസുമാരായ സുരേശ്വർ ഠാക്കൂറും ജസ്റ്റിസ് ലളിത് ബത്രയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ജീവപര്യന്തം തടവ് ശിക്ഷാവിധിക്കെതിരെയുള്ള അപ്പീൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
1948ൽ മസ്താ ബലോചിസ്താനി ആരംഭിച്ച ദേര സച്ച സൗദ എന്ന സംഘടനയുടെ തലവനാണ് ഗുർമീത് സിങ്.ഈ സംഘടനയുടെ മുൻ മാനേജരായ രഞ്ജിത് 2002 ജൂലൈ 10 ന് കുരുക്ഷേത്രയിലെ ഖാൻപൂർ കോളിയൻ ഗ്രാമത്തിൽ വെച്ചാണ് വെടിയറ്റ് മരിച്ചത്.
സിങ്ങിനെ കൊലപ്പെടുത്തിയ കേസിൽ 2021 ഒക്ടോബറിൽ പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതിയാണ് റാം റഹീമിനും മറ്റ് നാല് പേർക്കും ജീവപര്യന്തം തടവ് വിധിച്ചത്. ഇതിനെതിരെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.
ഹരിയാനയിലെ സിർസയിലെ ദേര ആസ്ഥാനത്ത് റാം റഹീം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതെന്ന് വിവരിക്കുന്ന കത്ത് പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് രഞ്ജിത്തിനെ വധിക്കാൻ റാമും കൂട്ടാളികളും നടത്തിയ ഗൂഢാലോചന സംശയാസ്പദമാമയി തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് ശിക്ഷിക്കപ്പെട്ടത്.
16 വർഷം മുമ്പ് ഒരു മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 2019ലും ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നു.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും ജുഡീഷ്യറിയിൽ പൂർണ വിശ്വാസമുണ്ടെന്നും ഗുർമീത് റാം റഹീമിന്റെ അഭിഭാഷകർ പറഞ്ഞു.