ടിഎംസിയില്‍ ചേരാന്‍ 10 പ്രമുഖ ബി.ജെ.പി നേതാക്കളെങ്കിലും ക്യൂവിലാണ്: അഭിഷേക് ബാനര്‍ജി
ബിജെപി പാർട്ടികളെ തകർക്കുന്ന ഗെയിമിലേക്ക് കടക്കാൻ ശ്രമിക്കുന്നു
മുര്‍ഷിദാബാദ്: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ ബി.ജെ.പിയുടെ പത്ത് പ്രമുഖ നേതാക്കളെങ്കിലും ക്യൂവിലാണെന്ന് മുതിര്‍ന്ന ടിഎംസി നേതാവ് അഭിഷേക് ബാനര്‍ജി. പാർട്ടി അതിൻ്റെ വാതിലുകൾ തുറക്കുമെന്നും ബി.ജെ.പിയെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്നും മുർഷിദാബാദ് ലോക്‌സഭാ മണ്ഡലത്തിൽ റോഡ് ഷോയില്‍ അദ്ദേഹം പറഞ്ഞു.
"ബിജെപി പാർട്ടികളെ തകർക്കുന്ന ഗെയിമിലേക്ക് കടക്കാൻ ശ്രമിക്കുന്നു, പക്ഷേ അവർക്ക് അതിൽ വിജയിക്കാൻ കഴിയില്ല. അവർ ഞങ്ങളുടെ രണ്ട് എം.പിമാരെ വേട്ടയാടി, അവരുടെ രണ്ട് എം.പിമാരായ അർജുൻ സിങ്ങിനെയും ബാബുൽ സുപ്രിയോയെയും എടുത്ത് ഞങ്ങൾ മറുപടി നൽകി.അടുത്തിടെ ഇ.ഡി റെയ്ഡുകൾ ഉപയോഗിച്ച് അവർ തപസ് റേയെ പെടുത്തി. ബി.ജെ.പിയുടെ 10 മുൻനിര നേതാക്കളെങ്കിലും തൃണമൂലിൽ ചേരാൻ ക്യൂവിലാണ്, ”അദ്ദേഹം പറഞ്ഞു.
''ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ തൃണമൂൽ ഒരു ചീട്ടുകൊട്ടാരം പോലെ ശിഥിലമാകും'' ബാനർജിയുടെ അവകാശവാദത്തോട് പ്രതികരിച്ച ബി.ജെ.പി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. മുൻ കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, പാർട്ടി എംപി അർജുൻ സിംഗ്, ദേശീയ വൈസ് പ്രസിഡൻ്റ് മുകുൾ റോയ് ഉൾപ്പെടെ എട്ട് നിയമസഭാംഗങ്ങൾ എന്നിവർ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയിരുന്നു. 2021ൽ 292 നിയമസഭാ സീറ്റുകളിൽ 213 സീറ്റുകൾ നേടിയാണ് തൃണമൂൽ കോൺഗ്രസ് തുടർച്ചയായി മൂന്നാം തവണയും ബംഗാളില്‍ അധികാരത്തിലെത്തിയത്. 77 സീറ്റുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.