അയോധ്യയിൽ പള്ളി നിർമാണം അടുത്ത വർഷം പൂർത്തിയാകും

പൊതുജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചാണ് മസ്ജിദിന്റെയും അനുബന്ധ സമുച്ചയത്തിന്റെയും നിർമാണം നടത്തുക

Update: 2022-11-13 11:08 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: തകർക്കപ്പെട്ട ബാബരി മസ്ജിദിനു പകരമായി ഉയരുന്ന പള്ളിയുടെ നിർമാണം അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും. സുപ്രിംകോടതി നിർദേശ പ്രകാരം ഇന്തോ-അറബ് ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ആണ് അയോധ്യയിൽ അനുവദിക്കപ്പെട്ട അഞ്ചേക്കർ ഭൂമിയിൽ പള്ളി നിർമിക്കുന്നത്. 2023 ഡിസംബറോടെ നിർമാണം പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് ട്രസ്റ്റ് സെക്രട്ടറി അത്ഹർ ഹുസൈൻ അറിയിച്ചു.

പള്ളിയുടെയും ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൺ, ലൈബ്രറി, ഗവേഷണകേന്ദ്രം അടങ്ങുന്ന മസ്ജിദ് സമുച്ചയത്തിന്റെയും പദ്ധതി രേഖയ്ക്ക് ഈ മാസം അവസാനത്തോടെ അയോധ്യ ഡവലപ്‌മെന്റ് അതോറിറ്റിയുടെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അത്ഹർ പറഞ്ഞു. അനുമതി ലഭിച്ചയുടൻ ദാനിപൂർ അയോധ്യ പള്ളിയുടെ നിർമാണം ആരംഭിക്കും. ഇതിനൊപ്പം അഞ്ച് ഏക്കർ ഭൂമിയിൽ മൗലവി അഹ്‌മദുല്ല ഷാ കോംപ്ലക്‌സും പൂർത്തീകരിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി സൂചിപ്പിച്ചു.

കോടതി ഉത്തരവ് പ്രകാരം മസ്ജിദ് നിർമാണത്തിനായി ഉത്തർപ്രദേശ് സുന്നി കേന്ദ്ര വഖഫ് ബോർഡ് രൂപംനൽകിയതാണ് ഇന്തോ-ഇസ്‌ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ്. പൊതുജനങ്ങളിൽനിന്ന് ഫണ്ട് സമാഹരിച്ചാണ് മസ്ജിദിന്റെയും അനുബന്ധ സമുച്ചയത്തിന്റെയും നിർമാണം നടത്തുക. ആദ്യഘട്ടത്തിൽ 100 കിടക്കകളുള്ള ആശുപത്രിയായിരിക്കും നിർമിക്കുക. കമ്മ്യൂണിറ്റി കിച്ചണിൽ ദിവസം ആയിരത്തിലേറെ പേർക്ക് ഭക്ഷണമൊരുക്കാനുള്ള സജ്ജീകരണങ്ങളുണ്ടാകും. പരിസര പ്രദേശങ്ങളിലുള്ളവർക്ക് ഉപയോഗിക്കാവുന്ന തരത്തിലാകും ലൈബ്രറി ഒരുങ്ങുക.

Summary: ''Construction of Ayodhya mosque likely to be completed by December 2023'', says Indo-Islamic Cultural Foundation Trust secretary Athar Hussain

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News