ചോർന്നൊലിച്ച് രാമക്ഷേത്രം : സൈനികരുടെ ശവപ്പെട്ടിയിലും ദൈവത്തിന്റെ ക്ഷേത്രത്തിലും ബിജെപി അഴിമതി നടത്തുന്നുവെന്ന് കോൺഗ്രസ്
അയോധ്യയിൽ നടത്തിയ പലവികസന പദ്ധതികളിലും വലിയ അഴിമതിയാണ് നടക്കുന്നതെന്ന് അജയ് റായ്
അയോധ്യ: അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിൽ ബി.ജെ.പി വൻ അഴിമതി നടത്തിയെന്ന് കോൺഗ്രസ്. ഉത്തർ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന് വേണ്ടി വീരമൃത്യവരിച്ച സൈനികന്മാരുടെ ശവപ്പെട്ടിയിലും ദൈവത്തിന്റെ ക്ഷേത്രത്തിലും ബി.ജെ.പി അഴിമതി നടത്തുകയാണെന്നായിരുന്നു അജയ് റായ് ആരോപിച്ചത്.
‘വീരമൃത്യവരിച്ച സൈനികരുടെ ശവപ്പെട്ടിയോ ദൈവത്തിന്റെ ക്ഷേത്രമോ ആകട്ടെ, അതെല്ലാം ബിജെപി അഴിമതിക്കുള്ള അവസരങ്ങളാക്കി മാറ്റുകയാണ്. എല്ലായിടത്തും കൊള്ളയാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിൽ നടത്തിയ പലവികസന പദ്ധതികളും തകർച്ചയിലാണ് വലിയ അഴിമതിയാണ് അതിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോധ്യയിലെ രാമക്ഷേത്രം ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുകയാണെന്ന് മുഖ്യ പുരോഹിതനായ ആചാര്യ സത്യേന്ദ്ര ദാസാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി. ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുകയും എന്താണ് പ്രശ്നമെന്ന് കണ്ടെത്തുകയും വേണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ക്ഷേത്രത്തിൽനിന്ന് വെള്ളം ഒഴികിപ്പോകാൻ വഴിയില്ല. മഴ ശക്തിപ്രാപിച്ചാൽ ഭക്തർക്ക് ക്ഷേത്രത്തിനകത്ത് പ്രാർഥന നിർവഹിക്കാൻ ബുദ്ധിമുട്ടാണെന്നും ആചാര്യ സത്യേന്ദ്ര ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ ഒരുപാട് എൻജിനീയർമാരുണ്ടായിരുന്നു. ജനുവരി 22ന് പ്രാണപ്രതിഷ്ഠയും നടന്നു. പക്ഷെ, മേൽക്കൂരയിൽനിന്ന് വെള്ളം ചോരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോരുന്നുണ്ടെന്ന് രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർപേഴ്സൻ നൃപേന്ദ്ര മിശ്രയും പറഞ്ഞു.
2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. ക്ഷേത്ര നിർമാണം പൂർത്തിയാകും മുമ്പായിരുന്നു ഉദ്ഘാടനം നടന്നത്.
ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയിൽവേ സ്‌റ്റേഷന്റെ മതിലും കഴിഞ്ഞദിവസം മഴയിൽ തകർന്നുവീണിട്ടുണ്ട്. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞുവീണത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതത്. 2023 ഡിസംബർ 30നാണ് പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്തത്.
മതിൽ തകർന്നതോടെ അഴിമതി ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. അയോധ്യ നിർദയമായി കൊള്ളയടിക്കപ്പെട്ടെന്ന് എസ്.പി നേതാവ് ഐ.പി സിങ് പ്രതികരിച്ചു. ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മഴക്കാലത്തെ പോലും താങ്ങാൻ പുതിയ മതിലിന് കഴിയുന്നില്ല. നൂറ്റാണ്ടുകളായി ഈ കപട അഴിമതി തുടരുന്ന ബി.ജെ.പിക്കും സംഘ്പരിവാറിനും അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, മതിൽ അയോധ്യ ധാം സ്‌റ്റേഷന്റെ പ്രധാന കെട്ടിടത്തിന്റെ ഭാഗമല്ലെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സ്വകാര്യ വ്യക്തികൾ മതിലിനോട് ചേർന്ന് കുഴിയെടുത്തതാണ് പ്രശ്‌നമായതെന്നും ഉടൻ നടപടിയെടുക്കുമെന്നും റെയിൽവേ വ്യക്തമാക്കി.