സ്കൂളിൽ നമസ്കരിച്ച വിദ്യാർഥിനികളെ ആക്രമിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ

നമസ്കാരത്തിന് സ്കൂൾ അധികൃതർ അനുമതി നൽകിയിരുന്നു

Update: 2024-08-27 15:42 GMT
Advertising

ഹൈദരാബാദ്: സ്കൂളിൽ നമസ്കരിച്ച മുസ്‍ലിം വിദ്യാർഥിനികളെ ബജ്റംഗ് ദൾ പ്രവർത്തകർ ആക്രമിച്ചതായി പരാതി. തെലങ്കാനായിലെ വനപർത്തി ടൗണിലെ ചാണക്യ ഹൈസ്കൂളിലാണ് സംഭവം.

സംഭവത്തിലെ പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മജ്‍ലിസ് ബച്ചാവോ തഹ്‍രീക് വക്താവ് അംജദുല്ലാഹ് ഖാൻ ആവ​ശ്യപ്പെട്ടു. സംഭവത്തിന്റെ വിഡിയോ ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കത്തയക്കുകയും ചെയ്തു. ഇവർക്ക് നമസ്കാരത്തിന് സ്കൂൾ അധികൃതർ അനുമതി നൽകിയിരുന്നതായി കത്തിൽ ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് 23ന് വെള്ളിയാഴ്ചയാണ് സംഭവം. സ്കൂളിലേക്ക് അതിക്രമിച്ച് കയറിയ ബജ്റംഗ് ദൾ പ്രവർത്തകർ പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ശരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. വനപർത്തി ജില്ലാ എസ്.പി കേസ് അന്വേഷിക്കുകയും കുറ്റക്കാരെ പിടികൂടുകയും വേണമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

സംഭവത്തിന്റെ വിഡിയോ വൈറലായതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പ്രതികളെ പിടികൂടണമെന്നും വിദ്യാർഥികൾക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News